| Thursday, 31st October 2024, 8:05 am

പ്രതിഷേധത്തെ തുടര്‍ന്ന് തെലങ്കാന സെക്രട്ടറിയേറ്റ് സുരക്ഷാസംവിധാനത്തില്‍ മാറ്റം; സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സ്ഥാനമേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന സെക്രട്ടറിയേറ്റിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തെലങ്കാന സ്‌റ്റേറ്റ് സ്‌പെഷ്യല്‍ പൊലീസില്‍ നിന്ന് തെലങ്കാന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (ടി.ജി.എസ്.പി) കൈമാറിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരിയാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് മെച്ചപ്പെട്ട ജോലി സാഹചര്യവും പൊലീസില്‍ ഏകീകൃതനയവും ആവശ്യപ്പെട്ട് ടി.ജി.എസ്.പി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമടക്കം പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിന്റെ ചുമതല ഉള്‍പ്പെടെ പരിഷ്‌ക്കരിക്കുന്നത്.

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന് സുരക്ഷ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് സംസ്ഥാനത്തെ പൊലീസ് മേധാവി നല്‍കിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിഷയം സൂക്ഷ്മമായി പരിശോധിച്ച ശേഷം സെക്രട്ടറിയേറ്റിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് ഉത്തരവില്‍ പറയുന്നത്. സുരക്ഷാ സംവിധാനങ്ങളായ ഒക്ടോപസും ഹൈദരാബാദ് സിറ്റി പൊലീസും തുടര്‍ന്നും ചുമതലകളില്‍ ഉണ്ടാവുമെന്നും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഏകീകൃത നയം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പത്ത് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും 39 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ടായിരുന്നു.

ഏകീകൃത നയങ്ങളും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥരും കുടുംബാഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ധര്‍ണ നടത്തിയിരുന്നത്. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ പെരുമാറ്റച്ചട്ട ലംഘനത്തിനുള്‍പ്പെടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പറഞ്ഞിരുന്നു.

തെലങ്കാന പൊലീസിന്റെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ സേനയുടെ പ്രതിച്ഛായയെയും അച്ചടക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഡി.ജി.പി ജിതേന്ദര്‍ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ പോലും ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കോണ്‍സ്റ്റബിള്‍മാര്‍ പറഞ്ഞിരുന്നു.

Content Highlight: Changes in Telangana Secretariat security after protests; Special Protection Force will be deployed

We use cookies to give you the best possible experience. Learn more