ഗുവാഹത്തി: അസമിലെ വിവാഹനിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും നിര്‍ബന്ധമായി രേഖപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അസം സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.
എന്നാല്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും നടപ്പാക്കിയ നിയമനിര്‍മാണമല്ല ഈ പുതിയ നിയമത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അസം ധനകാര്യമന്ത്രി ഹിമന്ത് ബിശ്വ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മാണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ നിയമത്തിന് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പാസാക്കിയ വിവാഹനിയമത്തിന്റെ ചില ഘടകങ്ങള്‍ ഉണ്ടായിരിക്കും. വധുവിന്റെയും വരന്റെയും മതം പരസ്യമായി രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും മതം വെളിപ്പെടുത്താതിരിക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ വരെ മതം വെളിപ്പെടുത്തേണ്ടി വരും. ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ മതത്തെപ്പറ്റി സുതാര്യത സൃഷ്ടിക്കാനാണ് ഈ നിയമം. അതിന് ഒരു നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടം നല്‍കുന്നുവെന്നു മാത്രം, ബിശ്വ പറഞ്ഞു.
ഇതൊരിക്കലും ലവ് ജിഹാദിനെതിരെയുള്ള നിയമം എന്ന് ഞാന്‍ പറയില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ സുതാര്യതയില്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനാല്‍ ഇരുവരുടെയും എല്ലാ കാര്യങ്ങളും പരസ്പരം വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മതം, ജോലി, എത്രയാണ് വരുമാനം, കുടുംബത്തിന്റെ മത പശ്ചാത്തലം, ബിസിനസ്സ് തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തണം. ഇതിലൂടെ തന്റെ പങ്കാളി എന്തെങ്കിലും തെറ്റായ ബിസിനസില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്താനാകും, ബിശ്വ പറഞ്ഞു.
അതേസമയം ലവ് ജിഹാദിനെതിരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുകയാണ്. ശനിയാഴ്ചയാണ് ‘ ലവ് ജിഹാദ്’ തടയാന്‍ എന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്.
നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓഡിനന്‍സ് നാലു ദിവസം മുന്‍പാണ് ആദിത്യനാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഓര്‍ഡിനന്‍സ് പ്രകാരം ഒരു സ്ത്രീ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തിയാല്‍ ആ വിവാഹത്തെ അസാധുവായി പരിഗണിക്കും. വിവാഹ ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക