“ഞങ്ങളുടെ വിവാഹം വ്യക്തിപരമായ സന്തോഷം എന്നതിനപ്പുറം പ്രണയം ഉള്ളില്‍ കൊണ്ട് നടക്കുന്ന അനേകം പേര്‍ക്ക് അത് തുറന്ന് പറയാനും കല്ല്യാണം കഴിക്കാനും പ്രചോദനമായി മാറും എന്നുറപ്പുണ്ട്”. ഇത് രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായ സൂര്യയുടെയും ഇഷാന്റെയും വാക്കുകളാണ്. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ 10-05-2018 ന് ആയിരങ്ങളെ സാക്ഷിയാക്കി സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നു കെട്ടിയപ്പോള്‍ ഏറെ നാളായി ഉള്ളില്‍ കൊണ്ട് നടന്ന പ്രണയത്തിന്റെ സാഫല്ല്യവും ചരിത്രവുമായി മാറുകയായിരുന്നു. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സ് സാക്ഷ്യം വഹിക്കുകയും നിരവധി പ്രമുഖര്‍ ആശംസ അര്‍പ്പിക്കുകയും ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിലൂടെ കേരളം വീണ്ടും ലോകത്തിനു മാതൃകയായി.
പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ഉഷയുടെയും മകളായ സൂര്യ, പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു-രഞ്ജിമാരുടെ വളര്‍ത്തുപുത്രിയാണ്. ശ്രീക്കുട്ടിയുടെ വളര്‍ത്തുമകനായ ഇഷാന്‍, വള്ളക്കടവ് മുഹമ്മദ് കബീറിന്റെയും ഷാനിഫാ കബീറിന്റെയും മകനാണ്. ഇരുവരുടേയും കുടുംബങ്ങളുടെ സമ്മതപ്രകാരം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. തങ്ങളുടെ വിവാഹത്തിലൂടെ മറ്റുള്ളവര്‍ക്കും കുടുംബമായി മാന്യമായ ജോലി ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്തി പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിക്കാന്‍, വഴികാട്ടികളാകാന്‍ സാധിക്കും എന്ന ആത്മവിശ്വസമാണ് ഇരുവരും പങ്കുവെക്കുന്നത്.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഇഷാന്‍ ആദ്യമായി സൂര്യയെ കാണുന്നത്. കാപട്യങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ തുറന്ന് സംസാരിക്കുന്ന സൂര്യയെ കണ്ടപ്പോള്‍ ഇഷാന്റെയുള്ളില്‍ പ്രണയത്തിന്റെ ആദ്യകിരണങ്ങള്‍ വിരിയുകയായിരുന്നു. പിന്നീട് അവര്‍ പരസ്പരം തിരിച്ചറിഞ്ഞ് അവര്‍ ഒന്നാവുകയായിരുന്നു. സമൂഹത്തില്‍ നിന്നും നേരിട്ട സമാനതകളില്ലാത്ത അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും പൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നുവന്ന് ചരിത്രത്തിന്റെ ഭാഗമായ ഇഷാനും സൂര്യയും മനസ്സ് തുറക്കുന്നു.
ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമായിരുന്നു നിങ്ങളുടേത്. എങ്ങനെയാണ് അതിലേക്ക് എത്തിച്ചേര്‍ന്നത്.? ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ പരിപാടിക്കായി കോഴിക്കോട്ടേക്കുള്ള തീവണ്ടിയാത്രയ്ക്കിടെയാണ് ആദ്യമായി സൂര്യയെ കാണുന്നത്. പിന്നീട് പലതവണയായി സൂര്യയെ കണ്ടു. യാത്രയിലുടനീളം ഞങ്ങളൊരുപാട് സംസാരിച്ചു. അവളെയും അവളുടെ ആറ്റിറ്റിയൂഡുമെല്ലാം ഒരുപാട് ഇഷ്ടമായി. അതിലൂടെ സൂര്യ എന്ന വ്യക്തിയോട് എനിക്ക് എന്തന്നില്ലാത്ത പ്രണയം തോന്നി. തുറന്ന് പറയാന്‍ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പിന്നീട് തുറന്ന് പറഞ്ഞു. പെട്ടെന്ന് ഒരു മറുപടി കിട്ടിയില്ലെങ്കിലും കുറെ സംസാരത്തിന് ശേഷം ഒന്നിച്ചു പോകാന്‍ പറ്റുമെന്ന് ഉറപ്പായപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇഷാന്‍ വാചാലനായി.
ഞങ്ങള്‍ക്ക് ഏറ്റവും കൂടതല്‍ പിന്തുണ തന്നത് തങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു എന്ന് രണ്ട് പേരും അഭിമാനത്തോടെ പറയുന്നു. ചുറ്റുപാടു നിന്നും ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെന്നും അപ്പോഴെല്ലാം കുടുംബം ഞങ്ങളെ ചേര്‍ത്തു പിടിച്ചെന്നും ഇവര്‍ പറയുന്നു. “എന്റേത് ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബമാണ്. സ്വന്തം മതത്തില്‍ നിന്നുള്ള കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു ആദ്യം ബാപ്പയുടെയും ഉമ്മയുടെയും ആഗ്രഹം. പക്ഷേ, ജീവിതത്തില്‍ ഒരു വിവാഹമുണ്ടെങ്കില്‍ അത് സൂര്യയോടൊപ്പമാണെന്ന് തറപ്പിച്ചു പറഞ്ഞോടെ അവര്‍ എന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുകയായിരുന്നെന്നും ഇഷാന്‍ പറയുന്നു. മനസ്സിലെ ഇഷ്ടം ആദ്യം എന്റെ വളര്‍ത്തമ്മമാരായ രഞ്ജിനിയോടും ശ്രീക്കുട്ടിയോടും പറഞ്ഞു. അവരായിരുന്നു വീട്ടില്‍ പോയി സംസാരിച്ചത്.
വിവാഹം തീരുമാനിച്ചത് മുതല്‍ സമൂഹത്തില്‍ നിന്ന് നെഗറ്റീവ് പ്രതികരണങ്ങള്‍ ഒരുപാടുണ്ടായിരുന്നു. സൂര്യയുടെ ഫേസ്ബുക്കില്‍ രണ്ട് പേരുടെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍ അടികിട്ടാത്തിന്റെ കുഴപ്പമാണിവര്‍ക്കെന്നും നേരെ വളര്‍ത്താത്തതിന്റെ കുഴപ്പമാണിത് എന്ന തരത്തിലൊക്കെ നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. മോശമായി കമന്റ് ചെയ്തവരെ അവഗണിച്ചു കൊണ്ടാണ് മുന്നോട്ട് പോയത്. അവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പോയിട്ട് കാര്യമില്ല. മനുഷ്യാവസ്ഥകളെ കുറിച്ച് മനസ്സിലാക്കാത്തതിന്റെ പ്രശ്നമാണത്. പക്ഷെ ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത് പറ്റുമെങ്കില്‍ നേരിട്ട് സംവാദത്തിന് വരണം എന്നാണ്. ഇഷാനും സൂര്യയും പറയുന്നു.
ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ ഉണ്ടാകുമ്പോഴും ഞങ്ങളെ ഒരുപാട് പേര്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഇപ്പോഴുള്ള സര്‍ക്കാര്‍ നമുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അത് നമുക്കു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. പുരോഗമനപരമായ നിലപാടുകള്‍ എടുക്കാന്‍ സമൂഹത്തിന് ഊര്‍ജ്ജം നല്‍കാന്‍ സര്‍ക്കാറിന്റെ പുതിയ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. വരും നാളുകളില്‍ സമൂഹം കൂടുതല്‍ പുരോഗമനപരവും നന്മയുള്ളതുമാകുമെന്നും ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ എന്ത് ചെയ്താലും കുറ്റപ്പെടുത്തുന്നവര്‍ ഉണ്ടാകും. അവരെ മൈന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബോധവല്‍ക്കരണത്തിലൂടെ നന്നാക്കി എടുക്കണമെന്നും ഇവര്‍ പറയുന്നു.
ഞങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സമൂഹത്തിനെല്ലാം ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. സമൂഹത്തില്‍ നിന്നും നല്ല പിന്തുണ ഞങ്ങള്‍ക്കെല്ലാം ലഭിക്കുന്നുണ്ട്. അതൊരു ശുഭ സൂചനയാണ്.ഇപ്പോള്‍ തന്നെ നമ്മുടെ കമ്മ്യൂണിറ്റിയില്‍കല്ല്യാണം കഴിക്കാന്‍ താല്‍പര്യമുള്ളവരും പ്രണയമുള്ളവരുമൊക്കെയുണ്ട് അവര്‍ക്കെല്ലാം ഞങ്ങളുടെ വിവാഹം പ്രചോദനമാകും. ആഗ്രഹമുണ്ടായിട്ടും കല്ല്യാണത്തിലേക്കെത്താതെ പോയ ഒത്തിരി കാമുകി-കാമുകന്മാരുണ്ടായിട്ടുണ്ട്. മുമ്പത്തെ കാലത്തേക്കാള്‍ നന്നായി അവര്‍ക്ക് ഉള്ളിലെ ആഗ്രഹം തുറന്ന് പറഞ്ഞ് സധൈര്യം മുന്നോട്ട് വരാന്‍ ഒരുപക്ഷെ ഞങ്ങളുടെ കല്ല്യാണം കാരണമാകും. ഇവര്‍ കൂട്ടിച്ചേര്‍ത്തു.
എനിക്ക് അധികം സൗഹൃദങ്ങളുണ്ടായിരുന്നില്ല, ചെറുപ്പം തൊട്ടെ പലരീതിയിലുള്ള അവഗണനയും പരിഹാസവും നേരിട്ടാണ് ഇവിടെവരെ എത്തിയത്. വീട്ടുകാരുടെ അവസ്ഥ കഷ്ടമായിരുന്നു. എന്നെക്കുറിച്ചുള്ള ബന്ധുക്കളുടെയും അയല്‍ക്കാരുടെയുമെല്ലാം ചോദ്യങ്ങള്‍ക്ക് വീട്ടുകാര്‍ക്ക് മറുപടികളുണ്ടായിരുന്നില്ല. വീട്ടില്‍ മൂത്ത കുട്ടിയാണ് ഞാന്‍. എനിക്കു താഴെ രണ്ടു സഹോദരിമാരാണ്. ശസ്ത്രക്രിയ ചെയ്ത സമയത്തെ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. വീട്ടുകാരെക്കാളധികം എതിര്‍ത്തത് ബന്ധുക്കളും നാട്ടുകാരുമാണ്. അപ്പോള്‍ കുറച്ചുകാലം വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിലൊക്കെ മാറ്റം വന്നു. അവര്‍ക്കൊക്കെ എന്നെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. സ്വത്വത്തെ ചോദ്യം ചെയ്യുന്നവരോട് “എന്റെ മകള്‍ ഇനി മുതല്‍ എന്റെ മകനാണെന്ന് എന്റെ ഉമ്മായ്ക്ക് പറയാന്‍ പറ്റുന്നുണ്ടിപ്പോള്‍. ഇഷാന്‍ ആഹ്ലാദത്തോടെ പറയുന്നു.
ഇത്തരത്തിലൊരു വിവാഹത്തിലേക്ക് എത്തിച്ചേരുമെന്ന് കരുതിയതല്ലെങ്കിലും നാടും നാട്ടുകരെയും അറിയിച്ച് വലിയ രീതിയില്‍ കളര്‍ഫുള്ളായി കല്ല്യാണം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. വഴിപോക്കന് പോലും നമ്മുടെ കല്ല്യാണം കാണാനും അതില്‍ പങ്കെടുക്കാനും പറ്റണം എന്നുണ്ടായിരുന്നു. എല്ലാ നിലക്കും മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം.
കല്ല്യാണം കഴിഞ്ഞ് ഇതുവരെയും ഞങ്ങള്‍ നല്ല സന്തോഷത്തോടെയാണ് കഴിയുന്നത്. വേണ്ടപ്പെട്ടവരുടെയൊക്കെ അനുഗ്രഹം വാങ്ങിയാണ് വീട്ടിലേക്ക് വന്നത്. ഞാനും ഉപ്പയും ഉമ്മയും പിന്നെ സൂര്യയുമാണ് വീട്ടില്‍, ഏറ്റവും മനോഹരവും സുന്ദരവുമായ നിമിഷങ്ങളായിരുന്നു ഇത്രയും കാലം, ഇഷാന്‍ പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ നോമ്പ് കാലമാണ്, ഞങ്ങള്‍ രണ്ട് പേരും നോമ്പ് എടുക്കുന്നുണ്ട്. നോമ്പ് കഴിഞ്ഞെ എവിടെയെങ്കിലും പോകാന്‍ ഉദ്ദേശിക്കുന്നുള്ളു- ഇഷാന്‍ പറഞ്ഞു.
നാട്ടുകാരൊക്കെ ഇപ്പോള്‍ നല്ല സന്‌ഹേത്തിലാണ്, നമ്മളെ പോലെയുള്ള മനുഷ്യരല്ലെ അവരും, അവര്‍ക്കും ജീവിക്കണ്ടേ എന്ന കാഴ്ച്ചപ്പാടിലേക്ക് അവര്‍ എത്തിയിട്ടുണ്ട്.