| Saturday, 11th August 2018, 9:07 pm

സ്‌നേഹം മാത്രം പ്രതിഫലം; 200 കുട്ടികള്‍ക്ക് കലയും ജീവിതവും പകര്‍ന്നു നല്‍കി മാര്‍ട്ടിന്‍ മാസ്റ്റര്‍

ആര്യ. പി

കണ്ണൂര്‍: സംഗീത ഉപകരണവും കായിക ഇനവും കുട്ടികള്‍ക്ക് സൗജന്യമായി പഠിക്കാന്‍ അവസരമൊരുക്കുകയാണ് ഈ മാതൃക അധ്യാപകന്‍. കണ്ണൂര്‍ ജില്ലയിലെ കോളയാട് സ്വദേശി മാര്‍ട്ടിന്‍ മാസ്റ്ററെന്ന ബിടെക് ബിരുദധാരിയാണ് കഴിഞ്ഞ ആറ് വര്‍ഷമായി 200 ഓളം കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസുകള്‍ നല്‍കുന്നത്.

അമേരിക്കയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഇദ്ദേഹം ആറ് വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തുന്നതും കുട്ടികളിലെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനായി വോയ്‌സ് ഓഫ് കോളയാട് എന്ന സ്ഥാപനം ആരംഭിക്കുന്നതും.

കുട്ടികളില്‍ നിന്നും ഒരു രൂപ പോലും ഇടാക്കാതെയാണ് മാര്‍ട്ടിന്‍ മാസ്റ്ററുടെ ക്ലാസ്. അതിന് ചില കാരണങ്ങളും അദ്ദേഹം ഡൂള്‍ന്യൂസുമായി പങ്കുവെക്കുന്നു.

മാര്‍ട്ടിന്റെ മാസ്റ്ററിന്റെ വാക്കുകളിലൂടെ…””

ആറ് വര്‍ഷത്തോളമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചുവന്നിട്ട്. ഇപ്പോള്‍ 66 വയസ്സായി. കണ്ണൂര്‍ കൂത്തുപറമ്പിനടുത്തുള്ള കോളയാട് ചെറിയ ഒരു ഗ്രാമമാണ് ഇത്. സംഗീതവും സംഗീത ഉപകരണങ്ങളും പഠിക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്ക് ഇവിടെ നിന്നും തലശേരിയോ കണ്ണോരോ പോയാല്‍ മാത്രമേ അതിന് സാധിക്കുള്ളൂ. അതിനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു സ്ഥാപനത്തെകുറിച്ച് ആലോചിച്ചത്.

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം; ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം: ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇവിടെ തന്നെ ഇങ്ങനെ ഒരു സ്ഥാപനം ആരംഭിക്കാനും കാരണങ്ങളുണ്ട്. അതില്‍ ഒന്ന് ഇത് എന്റെ ജന്മസ്ഥലമാണ് എന്നത് തന്നെയാണ്. ഏഴാം തരം വരേയേ ഇവിടെ പഠിച്ചിട്ടുള്ളൂവെങ്കിലും തറവാടും ബന്ധുക്കളും എല്ലാം ഇവിടെയാണ്. രണ്ടാമത്തെ കാരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ, സംഗീതവും ഇന്‍സ്ട്രുമെന്റ്‌സും പഠിക്കണമെന്ന് ആഗ്രഹമുള്ള കുട്ടികള്‍ക്ക് പണം ഒരിക്കലും ഒരു തടസ്സമാകരുതെന്ന ആഗ്രഹവും.”” മാസ്റ്റര്‍ വിശദീകരിക്കുന്നു.

സംഗീത പഠനം തിരഞ്ഞെടുത്തത് അതിനോടുള്ള അടുപ്പം കൊണ്ടാണ്. കുട്ടികളെ പഠിപ്പിച്ച് വിട്ട് കലോത്സവത്തില്‍ സമ്മാനം നേടുക എന്നതല്ല ഉദ്ദേശം. ഓരോ ക്ലാസുകഴിയുമ്പോഴും കുട്ടികള്‍ക്ക് വലിയ വേറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും, സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നല്‍ ഉണ്ടാകും.

ഓരോ കുട്ടിയേയും നിരീക്ഷിച്ച് അവരുടെ കഴിവുകള്‍ മനസിലാക്കിയ ശേഷം അവര്‍ക്ക് ചേര്‍ന്ന രീതിയിലാണ് ക്ലാസുകള്‍ നല്‍കുക. ഓരോ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളുണ്ട്. അത് മനസിലാക്കി എടുത്താല്‍ മാത്രം മതി. ഇത്തരം പഠനങ്ങളിലൂടെ വായനയോടും എഴുത്തിനോടും അവര്‍ക്ക് താത്പര്യം കൂടും.

മറ്റൊരു കാര്യം ഇവിടെ കുട്ടികളെ പേടിപ്പിച്ചിട്ടല്ല പഠിപ്പിക്കാറ്. നൂറ് തവണ തെറ്റിയാലും അത് കുഴപ്പമില്ലെന്നാണ് ഞാന്‍ അവരോട് പറയാറ്. അങ്ങനെ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ശ്രമിക്കാറ്. ഇവിടെ വന്ന് പഠിക്കുന്ന കുട്ടിക്ക് ചിലപ്പോള്‍ ഗ്രേസ് മാര്‍ക്ക് ഒന്നും ലഭിച്ചോളണമെന്നില്ല. എങ്കിലും അവര്‍ക്ക് ഒരു 50 മാര്‍ക്കെങ്കിലും അധികം കിട്ടുമെന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് മനസിലായത്. – മാര്‍ട്ടിന്‍ മാസ്റ്റര്‍ പറയുന്നു.

“വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം, വിഷമിക്കേണ്ട, നിങ്ങളുടെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്” ദു:ഖം പങ്കുവെച്ച വീട്ടമ്മയോട് മുഖ്യമന്ത്രി

പല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇത് അറിയില്ലെന്നതാണ് വാസ്തവം. ഞാന്‍ 30 വര്‍ഷം ന്യൂയോര്‍ക്കിലായിരുന്നു. എന്റെ മൂന്ന് കുട്ടികളും അവിടെയാണ്. ഞാന്‍ അവരുടെ കൂടെ മുഴുവന്‍ സമയവും ചിലവഴിക്കും. അവര്‍ക്കൊപ്പം സ്‌കൂളില്‍ പോകും. അവിടുത്തെ സ്‌കൂളിലെ സിസ്റ്റം എന്തെന്ന് നോക്കി മനസിലാക്കാന്‍ ശ്രമിച്ചു.

അവിടെ ഓരോ സ്‌കൂളിലും ഇഷ്ടംപോലെ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ് വാങ്ങിച്ച് വെച്ചിട്ടുണ്ട്. പല വിധത്തില്‍, ഒരു നൂറ് നൂറ്റന്‍പത് വിധത്തിലുള്ള സംഗീത ഉപകരണങ്ങള്‍ ഉണ്ട്. ഇത് കുട്ടികള്‍ക്ക് വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുപോകാം. വര്‍ഷാവസാനം തിരിച്ചുകൊണ്ടുവന്നാല്‍ മതി. അത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ചു. ഞാന്‍ അവരുടെ പരിപാടികള്‍ക്കെല്ലാം പോയി.

അപ്പോഴാണ് അതുകൊണ്ട് നല്ല ചില ഗുണങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുമെന്ന് എനിക്ക് മനസിലായത്. അതുകൊണ്ട് തന്നെയാണ് അവിടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അതിനായി പണം മുടക്കുന്നതും.

ഇവിടെ പഠിക്കുന്ന കുട്ടികളും കലോത്സവത്തിന് പോകാറുണ്ട്. ഓണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ചെറിയ ചെറിയ പരിപാടികള്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുണ്ട്. ഇതെല്ലാം അവരുടെ സെല്‍ഫ് കോണ്‍ഫിഡന്‍സ് വര്‍ധിപ്പിക്കും. അതാണ് ഇതിന്റെ ഫൈനല്‍ സ്റ്റേജില്‍ എനിക്ക് കിട്ടുന്നത്.

ചെറിയ പ്രായത്തിലുള്ള കുട്ടികളാണ് മാര്‍ട്ടിന്‍ മാസ്റ്ററുടെ വോയ്‌സ് ഓഫ് കോളയാട്ടില്‍ പഠിക്കുന്നത്. പത്ത് വയസ്സിന് മുകളിലുള്ള കുട്ടികളാണ് അധികവും ഉള്ളത്. സംഗീതവും സംഗീതഉപകരണങ്ങളുടെ പഠനവും 12 വയസിന് മുന്‍പ് തുടങ്ങണമെന്നാണ് മാര്‍ട്ടിന്‍ മാസ്റ്റര്‍ പറയുന്നത്. പന്ത്രണ്ടാം ക്ലാസ് എല്ലാം കഴിയുന്നതോടെ കുട്ടികള്‍ തിരക്കാവുമെന്നും മാസ്റ്റര്‍ പറയുന്നു.

പഠിപ്പിക്കുന്നത് 12 ഓളം സംഗീത ഉപകരണങ്ങള്‍

12 ഓളം സംഗീത ഉപകരണങ്ങളാണ് മാസ്റ്റര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. അത് ഓരോ കുട്ടികളുടെ അഭിരുചിക്കനുരിച്ച് മാറ്റും. ഒന്നോ രണ്ടോ ക്ലാസ് കഴിഞ്ഞാല്‍ കുട്ടികളുടെ താത്പര്യം മനസിലാകും. അതിനനുസരിച്ച് ക്ലാസില്‍ മാറ്റം വരുത്തും. രണ്ട് കോഴ്‌സുകള്‍ പഠിക്കുന്നവരും ഇവിടെ ഉണ്ട്. പൂര്‍ണമായ ഡിസിപ്ലിന് ഉണ്ടെങ്കിലും ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ടെന്‍ഷന്‍ ഇല്ലാതെ വളരെ ഫ്രീ പഠിക്കാന്‍ കഴിയുമെന്നാണ് മാസ്റ്റര്‍ പറയുന്നത്.

“”സംഗീതവും സംഗീത ഉപകരണങ്ങളുമെല്ലാം ഞാന്‍ തന്നെയാണ് പഠിപ്പിക്കുന്നത്. ഓരോന്നും പഠിപ്പിക്കാന്‍ ഓരോ അധ്യാപകരെ കൊണ്ടുവരുന്നത് വളരെ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഞാന്‍ 10 ഇന്‍സ്ട്രുമെന്റ്‌സ് പഠിപ്പിക്കുന്നുണ്ട്. ഓരോ അധ്യാപകരെ ഇതിനായി കൊണ്ടുവന്നാല്‍ ഓരോ മാസവും ചുരുങ്ങിയത് 10 ലക്ഷം രൂപ വരെ ചിലവാകും. അതിന് സാധിക്കില്ല. അതുകൊണ്ടാണ് ഇവയെല്ലാം ആദ്യം ഞാന്‍ തന്നെ പഠിച്ച ശേഷം പഠിപ്പിക്കാനായി മുന്നിട്ടിറങ്ങിയത്.

മനസില്‍ ഈ ആശയം തോന്നിയപ്പോള്‍ എട്ട് വര്‍ഷം മുന്‍പ് തന്നെ പ്രിപ്പറേഷന്‍ തുടങ്ങി. കീബോര്‍ഡും ഗിറ്റാറും പിയാനോയും അറിയാമായിരുന്നു. ബാക്കിയുള്ള ഉപകരണങ്ങള്‍ യു.എസില്‍ ആയപ്പോള്‍ തന്നെ പഠിക്കാന്‍ തുടങ്ങി. ഇവിടെ എത്തിയ ശേഷം അധ്യാപകരെ കണ്ട് പിടിച്ച് അവര്‍ക്ക് ശമ്പളം കൊടുത്ത് ചെയ്യാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് അവിടെ വെച്ച് തന്നെ ഇന്‍സ്ട്രുമെന്റ് വാങ്ങിച്ച് പഠിച്ച് ഇവിടെ എത്തിയത്””

സംഗീതത്തിനൊപ്പം ഗെയിംസും

സംഗീതത്തിനൊപ്പം തന്നെ ഗെയിംസും ഈ വര്‍ഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ഗെയിംസായ ടേബിള്‍ ടെന്നീസ് ഷട്ടില്‍ ബാഡ്മിന്റണും തുടങ്ങിയിട്ടുണ്ട്. കോച്ചുകളെ കൊണ്ടുവന്ന് കുറച്ചുകൂടി നന്നായി കുട്ടികളെ പഠിപ്പിക്കണമെന്നാണ് മാര്‍ട്ടിന്റെ ആഗ്രഹം.

കുട്ടികള്‍ ഫിസിക്കലി എന്‍ഗേജ്ഡ് ആവുക എന്നതാണ് പ്രധാനമെന്നും അതില്‍ നന്നായി വരുന്ന കുട്ടികള്‍ക്ക് മത്സരങ്ങള്‍ക്ക് പോകുകയും ചെയ്യാമെന്നും ഇദ്ദേഹം പറയുന്നു.

മഴ കഴിയുന്നതോടെ തൊട്ടടുത്ത ഗ്രൗണ്ടില്‍ കളികള്‍ ആരംഭിക്കും. അതിന് കോച്ചിനെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് സാമ്പത്തികമായി ബാധ്യതയാകും. ആരും സൗജനമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇവിടെ വരുന്നതിന് മുന്‍പ് കൊച്ചിയില്‍ ഓഡിയോ റെക്കോഡിങ് സ്റ്റുഡിയോ ഉണ്ട്. ആ സ്റ്റുഡിയോ വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. അത് വിറ്റു കഴിഞ്ഞാല്‍ സാമ്പത്തികമായി മെച്ചപ്പെടും. അപ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ അത് വഴി ചെയ്യാം എന്നാണ് പ്രതീക്ഷിക്കുന്നത്. ആരില്‍ നിന്നും ഇതുവരെ ഡൊണേഷനും വാങ്ങിച്ചിട്ടില്ല.- മാര്‍ട്ടിന്‍ മാസ്റ്റര്‍ പറയുന്നു.

200 കുട്ടികളാണ് മാര്‍ട്ടിന്‍ മാസ്റ്ററുടെ അരികില്‍ പഠിക്കാന്‍ വരുന്നത്. ശനിയും ഞായറുമാണ് ക്ലാസുകള്‍. ഇതിന് പുറമെ ഇവിടെ പരിസരത്തുള്ള സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്ന് ക്ലാസെടുക്കുന്നുമുണ്ട്. 5,6,7 ക്ലാസിലെ കുട്ടികള്‍ക്കാണ് ക്ലാസെടുക്കുന്നത്.

തിരുവനന്തപുരം എഞ്ചിനിറിങ് കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരത്തും മുംബൈയിലും എഞ്ചിനീയറായി ജോലി ചെയ്തതിന് ശേഷമാണ് മാര്‍ട്ടിന്‍ മാസ്റ്റര്‍ യു.എസില്‍ എത്തുന്നത്.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്ത് തരംഗിണി എന്ന സ്റ്റുഡിയോയില്‍ വെച്ചാണ് സംഗീതവുമായുള്ള മാസ്റ്ററുടെ ബന്ധം ആരംഭിക്കുന്നത്. എം.ജി രാധാകൃഷ്ണന്‍, കെ.പി ഉദയഭാനും എന്നിവര്‍ക്കൊപ്പം സംഗീതപരിപാടികള്‍ക്ക് ഗിറ്റാര്‍ വായിച്ചുള്ള അനുഭവവും മാസ്റ്റര്‍ പങ്കുവെച്ചു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more