കോഴിക്കോട്: മാലിന്യസംസ്‌ക്കരണത്തിന് പുതിയ മുഖം നല്‍കുകയാണ് അടിവാരം സ്വദേശിയായ ജാബിര്‍ കാരാട്ടിന്റെ ഗ്രീന്‍വേംസ് എന്ന സ്റ്റാര്‍ട് അപ്പ് കമ്പനി. ദിവസം 200 കിലോഗ്രാം മാലിന്യം സംസ്‌കരിച്ചു കൊണ്ടു തുടങ്ങിയ ഗ്രീന്‍വേംസ് ഇന്നു നിത്യവും കൈകാര്യം ചെയ്യുന്നത് 30,000 കിലോഗ്രാം മാലിന്യമാണ്.
കാസര്‍ഗോഡ്, മലപ്പുറം കോഴിക്കോട്, കൊച്ചി എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 140 ജീവനക്കാരാണ് ഗ്രീന്‍വേംസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
“”ഇന്ന് ഗ്രീന്‍ വേംസിന്റെ വാര്‍ഷിക വിറ്റുവരുമാനം 3.5 കോടിയാണ്. ഗ്രീന്‍ വേംസിലേക്ക് നിക്ഷേപമിറക്കാന്‍ ഇന്ത്യയിലെ തന്നെ വലിയ കമ്പനികള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. വരും വര്‍ഷം ഗ്രീന്‍ വേംസ് ലക്ഷ്യമിടുന്നത് 10 കോടി രൂപയുടെ വിറ്റുവരവാണെന്ന് ഗ്രീന്‍ വേംസ് സ്ഥാപകന്‍ കൂടിയായ ജാബിര്‍ കാരാട്ട് പറയുന്നു.
6 ലക്ഷംരൂപ മൂലധനത്തില്‍ തുടങ്ങി വെറും 5 വര്‍ഷംകൊണ്ട് നേടിയെടുത്ത ഈ വിജയം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മാത്രം വിജയമാണെന്നാണ് ജാബിര്‍ പറയുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായി ഗ്രീന്‍ വേംസിനെ നിലനിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഗ്രീന്‍ വേംസിനെ കുറിച്ചും ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാബിര്‍ ഡൂള്‍ന്യൂസിനോട് മനസുതുറക്കുന്നു.
മാലിന്യ സംസ്‌ക്കരണമെന്ന ആശയം
ദല്‍ഹി സര്‍ലകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയ ജാബിര്‍ പ്ലസ്ടുവരെ താമരശേരി അടിവാരത്താണ് പഠിച്ചത്. അതിന് ശേഷമാണ് സ്‌കോളര്‍ഷിപ്പോടെ ദല്‍ഹിയില്‍ പഠനത്തിനായി എത്തുന്നത്. കൈവല്യ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ഗാന്ധി ഫെലോഷിപ് ലഭിച്ച ശേഷം ബോംബെയിലെ ചേരി നിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ജാബിറിന് ലഭിച്ചു. അസൈന്‍മെന്റിന്റെ ഭാഗമായി 2 വര്‍ഷം ബോംബെ മുനിസിപ്പല്‍ ഗവ.സ്‌കൂളില്‍ ജോലി ചെയ്തു.
ജീവിതത്തില്‍ ജനോപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ആ ജീവിതത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്നും വികസിച്ചു വരുന്ന ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യം തന്നെയാണെന്ന് ആ ദിനങ്ങള്‍ തന്നെ ബോധ്യപ്പെടുത്തിയെന്നും ജാബിര്‍ പറയുന്നു.
പാര്‍ട് ടൈം ചാരിറ്റി ചെയ്യുക എന്നതിനേക്കാള്‍ ജോലിയും സാമൂഹ്യ സേവനവും ഒന്നിച്ചുകൊണ്ടു പോകണമെന്ന് തീരുമാനിക്കുകയായിരുന്നു.
ആളോഹരി മാലിന്യ ഉത്പാദന അളവ് ഓരോ വര്‍ഷവും 11 ശതമാനത്തോളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു മേഖയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതിനെ കുറിച്ച് ആലോചിച്ചു. ബിസിനസ് എന്ന നിലയിലേക്ക് ചിന്തിക്കുകയാണെങ്കിലും ഭാവിയില്‍ ടെക്‌നോളജിയും പ്രൊഫഷണലിസവും ആവശ്യമുള്ള ഒരു മേഖലയാണ് ഇതെന്ന് തോന്നി. അങ്ങനെയാണ് സോഷ്യല്‍- ബിസിനസ് ആസ്‌പെക്ടിലേക്ക് തിരിയുന്നത്. അങ്ങനെയാണ് ഗ്രീന്‍വേംസ് എന്ന സംരംഭത്തിന്റെ തുടക്കം.
ഗ്രീന്‍ വേംസിന്റെ പ്രവര്‍ത്തനം
കോയമ്പത്തൂര്‍ വെല്ലൂര്‍ ശ്രീനിവാസന്റെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നാണ് ഇതിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കുന്നത്. അവരോടൊപ്പം പ്രവര്‍ത്തിച്ച ദിവസങ്ങളാണ് ഈ മേഖലയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിത്തന്നത്. ഇവര്‍ എങ്ങനെയാണ് മാലിന്യങ്ങള്‍ കണ്ടെത്തുന്നത് എന്തൊക്കെയാണ് ശേഖരിക്കുന്നത്, വില്‍ക്കുന്നത് എവിടെയാണ് അങ്ങനെയാണ് അതിനെ കുറിച്ച് പഠിക്കുന്നത്. അതിന് ശേഷം നാട്ടില്‍ തിരിച്ചെത്തി താമരശ്ശേരി ഒരു സ്ഥലം ലീസിനെടുത്ത് ഷെഡ്ഡുണ്ടാക്കി 200 കിലോഗ്രാം വേസ്റ്റ് ഒരു ദിവസം കളക്ട് ചെയ്തുകൊണ്ടാണ് തുടങ്ങിയത്. ഇന്ന് 30 ടണ്‍ കിലോഗ്രാം മാലിന്യം ഒരു ദിവസം കൈകാര്യം ചെയ്യുന്നത്.
കോഴിക്കോട് മാത്രം 90 ഓളം ജീവനക്കാരുണ്ട്. 150 ന് മുകളില്‍ തൊഴിലാളികള്‍ വിവിധ ജില്ലകളിലായി ഉണ്ട്. പഞ്ചായത്തിനേയും മുനിസിപ്പാലിറ്റികളേയും സഹായിക്കുന്നുമുണ്ട്. കരുളായി, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീക്കാര്‍ക്ക് ട്രെയിനിങ് കൊടുക്കുക, അവിടെ മെറ്റീരിയല്‍ കളക്ട് ചെയ്യാന്‍ സഹായിക്കുക. ഡിസ്‌പോസ് ചെയ്യുക അങ്ങനെ.
മാലിന്യം ശേഖരിക്കുന്ന രീതി
രണ്ട് രീതിയിലാണ് ഇത് ചെയ്യുന്നത്. ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, റെസ്റ്റോറന്റ്, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് കളക്ട് ചെയ്യും. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണെങ്കില്‍ അവിടെയുള്ള കുടുംബശ്രീക്കാരെ പരിശീലിപ്പിച്ച് അവരാണ് കളക്ട് ചെയ്യുക. അവിടെ പ്രോസസ്സിങ് മാത്രമാണ് എടുക്കുന്നത്.
വീടുകളില്‍ നിന്നാണെങ്കില്‍ ഫുഡ് വേസ്റ്റ് കളക്ട് ചെയ്യില്ല. പ്ലാസ്റ്റിക് ബാഗ് ചെരിപ്പ് തുണി ഇതുപോലുള്ളവ കളക്ട് ചെയ്യും. ഇതിന് ശേഷം ഇവ വ്യത്യസ്ത ഗ്രേഡുകളാക്കി
തരംതിരിക്കും. പ്ലാസ്റ്റിക്കില്‍ തന്നെ വ്യത്യസ്ത ഗ്രേഡുകളുണ്ട്. ഇവ പ്രത്യേക കോംപാക്ട് മെഷീന്‍ ഉപയോഗിച്ച് പാക്ക് ചെയ്തതിന് ശേഷമാണ് ഫാക്ടറിയിലേക്ക് പോകുക. കേരളത്തിന് പുറത്തേക്കും റീസൈക്ലിങ് ചെയ്യാനായി അയക്കാറുണ്ട്.
മെറ്റീരിയല്‍സ് കൊണ്ടുവന്നശേഷം 30 ഓളം ഗ്രേഡുകളാക്കി തിരിച്ച ശേഷം മറ്റൊരു റോമെറ്റീയലാക്കി സെല്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഹോട്ടലുകളില്‍ നിന്നും ഹോസ്പിറ്റലുകളില്‍ നിന്നും യൂസര്‍ ഫീസ് പോലെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസും വാങ്ങും. വേസ്റ്റിന്റെ മെറ്റീരിയലും അളവിനും അനുസരിച്ചാണ് ഇത് ചെയ്യുന്നത്. സ്ഥാപനങ്ങളില്‍ നിന്നും ഫീസ് കിട്ടും റോമെറ്റീരിയലാക്കി സെല്‍ ചെയ്യുമ്പോഴും ഫീസ് കിട്ടും.
വെള്ളത്തിന്റെ ബോട്ടിലിന് കിലോയ്ക്ക് 25-26 രൂപ കിട്ടും. പാല്‍ കവറിന് 14 രൂപ ഇങ്ങനെ ഓരോ മാലിന്യത്തിനും വിലയുണ്ട്.
ഗ്രീന്‍വേംസിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തനങ്ങളും..
വിവാഹ പാര്‍ട്ടികള്‍, സമ്മേളനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഗ്രീന്‍വേംസ് ഇതുവരെ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവരുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്. ഫീസ് ഇനത്തില്‍ തുച്ഛമായ തുകയേ ഈടാക്കുന്നുള്ളൂ എന്നതാണ് ഗ്രീന്‍ വേംസിന്റെ ഏറ്റവും വലിയ പ്രത്യേകത.
സീറോ വെയ്സ്റ്റ് ഇവന്റ്സ് ആണ് ഗ്രീന്‍വേംസ് ലക്ഷ്യമിടുന്നത്. അതിനാല്‍ത്തന്നെ മാലിന്യം പരമാവധി കുറയ്ക്കാനു ള്ള പ്ലാന്‍ മുന്‍കൂട്ടി തയ്യാറാക്കിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍, സെറാമിക് പ്ലേറ്റുകളും കപ്പുകളുമെല്ലാം വാടകയ്ക്ക് ലഭ്യമാക്കാറുണ്ട്. ആവശ്യമെങ്കില്‍ വാഴയിലയും എത്തിച്ചു കൊടുക്കും. പാത്രങ്ങളെല്ലാം കഴുകിയെടുക്കാന്‍ സ്വന്തം ചെലവില്‍ പ്രത്യേക ആളുകളെയും നിയമിക്കുമെന്നതും ഇവരുടെ പ്രത്യേകതയാണ്.
വെയ്സ്റ്റുകള്‍ ഇനം തിരിച്ച് പ്രത്യേക ബിന്നുകളില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കുകയാണു പതിവ്. മറ്റ് മാലിന്യങ്ങല്‍ റിസോഴ്സ് റിക്കവറി സെന്ററിലേക്കു മാറ്റും. ഇതിനാവശ്യമായ തുക പരിപാടിയുടെ നടത്തിപ്പുകാരില്‍ നിന്നാണ് ഈടാക്കുന്നത്.
ഗ്രീന്‍വേംസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതിയെ മലിനമാക്കുന്ന 11900 കിലോ പ്ലാസ്റ്റിക് വെയ്സ്റ്റ് നിക്കം ചെയ്യാന്‍ കഴിഞ്ഞു. പരിസ്ഥിതിയ്ക്ക് ദോഷകരമല്ലെങ്കിലും ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന ജൈവ മാലിന്യങ്ങളില്‍ നിന്നും 3600 കിലോ കമ്പോസ്റ്റ് നിര്‍മ്മിക്കുകയും ചെയ്തു. കൂടാതെ 2500 കിലോ പേപ്പര്‍ വെയ്സ്റ്റ് റീസൈക്കിള്‍ ചെയ്തു. ഏകദേശം 3,30,000 ജനങ്ങളിലേക്കാണ് ഇതിന്റെ ഗുണങ്ങള്‍ എത്തിച്ചേരുകയെന്ന് ജാബിര്‍ പറയുന്നു.