| Tuesday, 27th August 2019, 7:42 am

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി പതിവു തെറ്റും; ഒരുമണിയായാലും ഉച്ചഭക്ഷണം കഴിക്കാനാവില്ല; സമയക്രമത്തില്‍ മാറ്റം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതല്‍ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15-നാണ് ആരംഭിക്കുക.

സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി സമയം 10 മുതല്‍ അഞ്ചു വരെയാണെങ്കിലും സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് നഗരപരിധികളിലെ ഓഫീസുകളുടെ സമയം 10.15 മുതല്‍ 5.15 വരെയായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചില പ്രത്യക തസ്തികകള്‍ക്കു പഴയ വ്യവസ്ഥയാണു ബാധകം.

പ്രവൃത്തി സമയം സംബന്ധിച്ച് നേരത്തേ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സമയം 10 മുതല്‍ അഞ്ചു വരെയാണ് അതില്‍ നിര്‍ദേശിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ 10.15 മുതല്‍ 5.15 വരെയായിരുന്നു സമയം പറഞ്ഞിരുന്നത്.

ഇത്തരത്തില്‍ വ്യത്യസ്ത നിര്‍ദേശം നിലനില്‍ക്കുന്നതു പരിഹരിക്കണമെന്നാവശ്യപ്പെട്ടു പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതുക്കിയ ഉത്തരവ്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ‘മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും’ സെക്രട്ടേറിയറ്റിന് ‘കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം അഞ്ചു നഗരങ്ങളിലെ ഓഫീസുകള്‍ക്കു കൂടി ബാധകമാക്കിയത്.

We use cookies to give you the best possible experience. Learn more