| Thursday, 12th October 2023, 7:30 pm

'ഫലസ്തീനോടുള്ള ഇന്ത്യയുടെ നിലപാട് മാറ്റം നിർഭാഗ്യകരം'; സി.പി.ഐ.എമ്മിൽ ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫലസ്തീൻ ജനതക്ക് അനുകൂലമായാണ് ഇന്ത്യൻ സർക്കാരുകൾ നേരത്തെ നിലപാട് എടുത്തിട്ടുള്ളതെന്നും അതിൽ നിന്ന് ഇപ്പോഴുണ്ടായ മാറ്റം നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും സമാധാനം ഉറപ്പുവരുത്താനുള്ള നേതൃത്വപരമായ ഇടപെടലുകൾ നടത്തണമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന 7000ത്തോളം വരുന്ന മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നതാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രധാന പ്രശ്നമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ഫലസ്‌തീൻ വിഷയത്തിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ല. നമ്മുടെ 7000ത്തോളം ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന പ്രശ്നമാണ് നമുക്ക് മുന്നിലുള്ളത്. അവർക്ക് സുരക്ഷിതത്വം ഒരുക്കി അവരെ തിരിച്ചു കൊണ്ടുവരണമെന്നത് ഇന്നത്തെ അവസ്ഥയിൽ വളരെ പ്രധാനപ്പെട്ടതാണ്. അത് ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇസ്രഈലും ഫലസ്തീനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കാലാകാലമായി നമ്മുടെ രാജ്യം സ്വീകരിച്ച വരുന്ന ഒരു നിലപാടുണ്ട്. ഫലസ്തീന്റെ അവകാശങ്ങൾക്ക് നേരെയുള്ള ഇസ്രഈലിന്റെ കടന്നുകയറ്റം, കയ്യേറ്റം എന്നിവയോട് യോജിപ്പില്ല എന്നതാണ് ആ നിലപാട്. എല്ലാ കാലത്തും ഇന്ത്യ സ്വീകരിച്ചുവന്ന നിലപാട്.

അതിൽ നിന്ന് ചില്ലറ മാറ്റം ഉണ്ടായി എന്നത് നമ്മുടെയെല്ലാം ശ്രദ്ധയിലുള്ളതാണ്. പക്ഷേ, ഫലസ്‌തീൻ ജനത ഏത് തരത്തിലുള്ള പീഡനമാണ് എല്ലാകാലത്തും അനുഭവിച്ചുകൊണ്ടിരുന്നത് എന്ന് നമുക്ക് മാത്രമല്ല, ലോകത്തുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത്തരമൊരു അവസ്ഥ അതേരീതിയിൽ തുടരണമെന്നല്ല നമ്മൾ ആഗ്രഹിക്കുന്നത്.

ഇന്ത്യയിലെ ഗവണ്മെന്റുകൾ നേരത്തെ സ്വീകരിച്ചിട്ടുള്ള നിലപാട് ഫലസ്തീൻ ജനതക്ക് അനുകൂലമായിട്ടുള്ളതാണ്. അതിൽ നിന്ന് കുറച്ച് വ്യത്യാസം പിന്നീട് വന്നു എന്നുള്ളത് നിർഭാഗ്യകരമായ വശമാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു നിലയല്ല ഉണ്ടാകേണ്ടത്.

ഇപ്പോൾ ഉണ്ടായ സാഹചര്യം അതീവ ഗൗരവമുള്ളതാണ്. അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോൾ വേണ്ടത്. നമ്മുടെ ഇന്ത്യാ രാജ്യത്തിനും ഇന്ത്യാ ഗവണ്മെന്റിനും ഈ കാര്യത്തിൽ പ്രധാന പങ്കുവഹിക്കാൻ കഴിയും.

ഏതെങ്കിലും തരത്തിൽ ഈ സ്ഥിതിവിശേഷം തുടർന്നുകൊണ്ടു പോകുന്നതിലല്ല, സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലാണ് ഇന്ത്യ ഗവൺമെന്റ് നടത്തേണ്ടത്.

അതിൽ നേരത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്. ആ കാര്യങ്ങൾ കൃത്യമായി നടപ്പാക്കണം. അതിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും നേതൃത്വപരമായ പങ്കുവഹിക്കുകയാണ് വേണ്ടത്,’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഹമാസിനെ ഭീകരർ എന്ന് കെ.കെ. ശൈലജ വിശേഷിപ്പിച്ചതിനെ കുറിച്ച് അവരോട് ചോദിച്ചാലെ തനിക്ക് മറുപടി പറയാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Change in stand of India towards Palestine is unfortunate, says CM Pinarayi Vijayan

Latest Stories

We use cookies to give you the best possible experience. Learn more