| Thursday, 17th June 2021, 9:00 am

പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ തീയതിയില്‍ മാറ്റം; സമയക്രമം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയില്‍ മാറ്റം. ജൂണ്‍ 28 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക.

വി.എച്ച്.എസ്.ഇ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ അറിയിച്ചതു പ്രകാരം ജൂണ്‍ 21 മുതല്‍ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

പ്രായോഗിക പരിശീലനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് ജൂണ്‍ 17 മുതല്‍ 25 വരെ തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളില്‍ എത്താവുന്നതും സ്‌കൂളിന്റെ നിര്‍ദ്ദേശം അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.

വിദ്യാര്‍ത്ഥികളുടെ ഹാജര്‍ അധ്യാപകര്‍ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാര്‍ത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്.

ഓരോ പ്രാക്ടിക്കല്‍ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍:

1.ഫിസിക്‌സ്

പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥി ഒരു പരീക്ഷണം ചെയ്താല്‍ മതിയാകും. വിദ്യാര്‍ത്ഥി ലാബിനുള്ളില്‍ ചെലവഴിക്കേണ്ട സമയവും ഒബ്‌സര്‍വേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

2.കെമിസ്ട്രി

പരീക്ഷാ സമയം ഒന്നരമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിംഗ് ജാര്‍/മാര്‍ക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എ ന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യേണ്ടതാണ്. സോള്‍ട്ട് അനാലിസിസിനുവേണ്ടി ലായനികള്‍ കുട്ടികള്‍ മാറിമാറി ഉപയോഗിക്കേണ്ടതിനാല്‍ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്‌സാമിനര്‍ നിര്‍ദ്ദേശിക്കുന്ന സോള്‍ട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയര്‍ കുട്ടികള്‍ എഴുതി നല്‍കേണ്ടതാണ്.

3. ബോട്ടണി

പരീക്ഷാ സമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും മൈക്രോസ്‌കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്‌പെസിമെന്‍ സംബന്ധിച്ച് എക്‌സാമിനര്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതി മാറ്റി അധ്യാപകര്‍ പ്രദര്‍ശിപ്പിക്കുന്ന ഇനങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.

4. സുവോളജി

പരീക്ഷാസമയം ഒരു മണിക്കൂര്‍. സമ്പര്‍ക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ചോദ്യങ്ങള്‍ക്കായി സ്‌കോര്‍ വിഭജിച്ച് നല്‍കുന്നതാണ്.

5. മാത്തമാറ്റിക്‌സ് (സയന്‍സ് &കോമേഴ്‌സ്)

പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കല്‍ ചെയ്താല്‍ മതിയാകും.

6. കമ്പ്യൂട്ടര്‍ സയന്‍സ്

പരീക്ഷാ സമയം രണ്ടുമണിക്കൂര്‍. നല്‍കിയിരിക്കുന്ന രണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ ചെയ്താല്‍ മതിയാകും.

7. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹ്യുമാനിറ്റീസ്&കോമോഴ്‌സ്)

പരീക്ഷാ സമയം രണ്ടു മണിക്കൂര്‍. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിവയില്‍ നിന്നായി നല്‍കിയിരിക്കുന്ന രണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ ചെയ്താല്‍ മതിയാകും.

8. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്

പരീക്ഷാ സമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.

9. ഇലക്ട്രോണിക്‌സ്

പരീക്ഷാ സമയം ഒന്നര മണിക്കൂര്‍.

10. ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സര്‍വ്വീസ് ടെക്‌നോളജി

പരീക്ഷാസമയം രണ്ടു മണിക്കൂര്‍.

11. കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

പരീക്ഷാ സമയം രണ്ടു മണിക്കൂര്‍.

12. സ്റ്റാറ്റിറ്റിക്‌സ്

പരീക്ഷാ സമയം രണ്ടു മണിക്കൂര്‍. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിവയില്‍ നിന്നായി നല്‍കിയിരിക്കുന്ന രണ്ടുചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ ചെയ്താല്‍ മതിയാകും.

13. സൈക്കോളജി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കല്‍ ക്യാരക്ടറസ്റ്റിക്‌സ് അനലൈസ് ചെയ്യേണ്ടതാണ്.

14. ഹോം സയന്‍സ്

പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ്.

15. ഗാന്ധിയന്‍ സ്റ്റഡീസ്

പരീക്ഷാസമയം ഒന്നര മണിക്കൂര്‍. ക്രാഫ്റ്റ്‌മേക്കിംഗും, ഡെമോന്‍സ്‌ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താല്‍ മതിയാകും.

16. ജിയോളജി

പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. സ്‌പെസിമെന്‍ സ്റ്റോണുകള്‍ ഒരു മേശയില്‍ ക്രമീകരിക്കുകയും കുട്ടികള്‍ അത് സ്പര്‍ശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്.

17. സോഷ്യല്‍വര്‍ക്ക്

ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സോഷ്യല്‍വര്‍ക്കിന്റെ പ്രായോഗിക പരീക്ഷ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പതിവുരീതിയില്‍ നടത്തുന്നതാണ്.

18. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പതിവുരീതിയില്‍ നടത്തുന്നതാണ്.

19. ജേര്‍ണലിസം

ക്യാമറ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്‌കോര്‍ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നല്‍കുന്നതാണ്.

20. ജ്യോഗ്രഫി

പരീക്ഷാസമയം ഒരു മണിക്കൂര്‍.കുട്ടികള്‍ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.

21. മ്യൂസിക്

ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അധ്യാപകന്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ഓണ്‍ലൈനായോ നേരിട്ടോ നടത്തുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Change in Plus Two Practical Exam Date

We use cookies to give you the best possible experience. Learn more