ന്യൂദൽഹി: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ എന്ന് എഴുതിയിടത്ത് നാഷണൽ മെഡിക്കൽ കമ്മീഷൻ ഭാരത് എന്നും അശോകസ്തംഭത്തിന്റെ സ്ഥാനത്ത് ഹിന്ദു ദൈവത്തിന്റെ ചിത്രവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മെഡിക്കൽ കമ്മീഷന്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന ചർച്ചകൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മെഡിക്കൽ കമ്മീഷന്റെ പുതിയ നടപടി.
കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കി മാറ്റിയിരുന്നു.
ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉൾപ്പെടുത്തിയതിന് ശേഷമാണ് വിവാദങ്ങൾ ഉണ്ടായത്.
കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ തങ്ങളുടെ എക്സ് അക്കൗണ്ടിലെ ബയോയിൽ ഭാരത് എന്ന് ചേർത്തതും അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
ഭരണഘടനയിൽ ഇന്ത്യ, ഭാരതം എന്നിവ ഉപയോഗിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ആണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.
പ്രധാനമന്ത്രി മോദിക്ക് നൽകിയ ആസിയാൻ ഇവന്റ് ക്ഷണത്തിൽ പോലും അദ്ദേഹത്തെ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നാണ് പരാമർശിച്ചത്. കൺവെൻഷൻ പ്രകാരം ഇന്ത്യൻ ഭരണഘടന സ്ഥാപനങ്ങൾ നൽകുന്ന ക്ഷണങ്ങളിൽ എല്ലായ്പ്പോഴും വാചകം ഇംഗ്ലീഷിൽ ആയിരിക്കുമ്പോൾ ഇന്ത്യ എന്ന പേരും വാചകം ഹിന്ദിയിൽ ആയിരിക്കുമ്പോൾ ഭാരത് എന്ന പേരും പരാമർശിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതോടെയാണ് രാജ്യത്തിന്റെ പേര് തിരുത്താനുള്ള ശ്രമങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
സ്കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന വാക്കിനു പകരം ഭാരത് എന്നാക്കി മാറ്റണമെന്ന് എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക പരിഷ്കരണ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
Content Highlight: Change in logo of National Medical Commission; Ashoka pillar replaced by hindu god, bharat added