തിരുവനന്തപുരം: സര്‍ക്കാരിന്റെ ശവസംസ്‌കാര പ്രോട്ടോക്കോളില്‍ മാറ്റം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുറഞ്ഞ സമയം വീട്ടില്‍ വെക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘മഹാമാരിക്കാലത്ത് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം, ഉറ്റവരുടെ മൃതദേഹം അടുത്ത് കാണാന്‍ പോലും പറ്റുന്നില്ലെന്നതാണ്.
മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടു പോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരു മണിക്കൂറില്‍ താഴെ വീട്ടില്‍ അനുവദിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. മരണമടഞ്ഞ രോഗികളുടെ ബന്ധുക്കള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ക്കായി നാല് മേഖലകളായി തിരിച്ചുള്ള ലോക്ഡൗണ്‍ തുടരും.
ടി.പി.ആര്‍. 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഡി കാറ്റഗറി എന്നാണ് 18 ന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളെ വിളിക്കുക.
പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറിയായിരിക്കും.
സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളെയായിരുന്നു ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് 24 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളെയാക്കി. ടി.പി.ആര്‍. ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13550 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.