കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ അഴിച്ചുപണി; ചത്തീസ്ഗഡിലെ ജനറല്‍ സെക്രട്ടറിയായി സച്ചിന്‍ പൈലറ്റ്, യു.പിയുടെ ചുമതലയില്‍ നിന്ന് പ്രിയങ്കയെ മാറ്റി
national news
കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ അഴിച്ചുപണി; ചത്തീസ്ഗഡിലെ ജനറല്‍ സെക്രട്ടറിയായി സച്ചിന്‍ പൈലറ്റ്, യു.പിയുടെ ചുമതലയില്‍ നിന്ന് പ്രിയങ്കയെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2023, 10:14 pm

ന്യൂദല്‍ഹി: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി. ചത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മുന്‍ എം.പിയും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ സച്ചിന്‍ പൈലറ്റിനെയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അവിനാഷ് പാണ്ഡേയെയും നിയോഗിച്ചു.

രണ്ട് സംസ്ഥാനങ്ങളിലും യഥാക്രമം കുമാരി സെല്‍ജയ്ക്കും പ്രിയങ്കാ ഗാന്ധിക്കും പകരമായാണ് സച്ചിന്‍ പൈലറ്റിനെയും അവിനാഷ് പാണ്ഡെയെയും നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന ചുമതകലകളും പോര്‍ട്ട്ഫോളിയോകളും ഇല്ലാതെ നിയുക്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി പ്രിയങ്ക ഗാന്ധി തുടരുമെന്നും സി.ഡബ്ല്യു.സി അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് ജി.എ. മിറാണ് ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. അദ്ദേഹത്തിന് പശ്ചിമ ബംഗാളിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ജനറല്‍ സെക്രട്ടറിയായി ദീപ ദാസ് മുന്‍ഷിയെ നിയോഗിച്ചു. കൂടാതെ തെലങ്കാനയുടെ അധിക ചുമതലയും ദീപ ദാസിന് നല്‍കി.

അസമിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്ങിന് മധ്യപ്രദേശിന്റെ അധിക ചുമതലയും ദീപക് ബാബരിയയ്ക്ക് ദല്‍ഹിയുടെയും ഹരിയാനയുടെയും അധിക ചുമതലയും നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ ജയറാം രമേഷ്, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ യഥാക്രമം കമ്മ്യൂണിക്കേഷന്‍, ഓര്‍ഗനൈസേഷന്‍ എന്നിവയുടെ ചുമതലകള്‍ വഹിക്കേണ്ടതുണ്ടെന്നും ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും സി.ഡബ്ല്യു.സി അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് പുതിയ നിയമനങ്ങള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: Change in Congress state leaderships