ചങ്ങാതിക്കുടുക്ക; നവകേരളനിര്‍മ്മിതിയില്‍ കേരളത്തിന് സഹായഹസ്തവുമായി പ്രവാസിമലയാളി കുട്ടികള്‍
Kerala News
ചങ്ങാതിക്കുടുക്ക; നവകേരളനിര്‍മ്മിതിയില്‍ കേരളത്തിന് സഹായഹസ്തവുമായി പ്രവാസിമലയാളി കുട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd January 2019, 11:17 pm

തിരുവനന്തപുരം : പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് സഹായവുമായി പ്രവാസിമലയാളി കുട്ടികളുടെ ചങ്ങാതിക്കുടുക്ക. നവകേരളനിര്‍മിതിയില്‍ പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തി മലയാളം മിഷന്‍ ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്ക.

മലയാളം മിഷന്റെ ഭാഗമായ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശേഖരിച്ചുവച്ച പണം ചങ്ങാതിക്കുടുക്ക നിധിയായി ജനുവരി 25ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ 25000ഓളം വിദ്യാര്‍ഥികളാണ് ചങ്ങാതിക്കുടുക്ക പദ്ധതിയിയുടെ ഭാഗമായിട്ടുള്ളത്.

Also Read ഹിമാലയത്തിലെ കൊടുംതണുപ്പില്‍ നിന്ന് പോയത് കാട്ടിലേക്ക്; തന്നെ കരുത്തനാക്കിയത് ആ ഏകാന്ത ജീവിതമെന്നും മോദി

തിരുവനന്തപുരത്ത് ജനുവരി 25 മുതല്‍ 27 വരെയായി നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പില്‍ വെച്ച് ചങ്ങാതിക്കുടുക്കയിലൂടെ തങ്ങള്‍ ശേഖരിച്ച തുക കുട്ടികള്‍ മുഖ്യമന്ത്രിക്ക് കൈമാറും. 25 ലക്ഷത്തോളം രൂപയാണ് വിദ്യാര്‍ഥികള്‍ സ്വന്തംനിലക്ക് ഈ സംരംഭത്തിലൂടെ സമാഹരിച്ചത്.

പ്രളയത്തിനുശേഷമുള്ള നവകേരള നിര്‍മിതിയില്‍ പ്രവാസിമലയാളികളുടെ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.

ജനുവരി 25 വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനാകും.