| Sunday, 29th March 2020, 2:40 pm

ഇതിനിപ്പോ പ്രേരിപ്പിച്ചതാരാണെന്ന് എനിക്ക് നന്നായറിയാം, അത് പിന്നെ നോക്കാം: ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടര്‍ സുധീര്‍ബാബു. അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ജില്ലാ ഭരണകൂടവും പഞ്ചായത്തും ചെയ്തുകൊടുക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

‘ഇവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകും. ഇതിപ്പോ ഇന്‍സ്റ്റിഗേറ്റ് ചെയ്തത് ആരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം. ഈ സമയത്ത് അത് നോക്കണ്ട’, കളക്ടര്‍ പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല- കളക്ടര്‍ പറഞ്ഞു.

നാട്ടിലേക്ക് പോകണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.

പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more