| Friday, 8th September 2023, 1:28 pm

'അപ്പയുടെ 13ാം വിജയം, അപ്പയുണ്ടായ പോലെ ഞാനും പുതുപ്പള്ളിക്കാര്‍ക്കൊപ്പം ഉണ്ടാകും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വിജയം ഉമ്മന്‍ ചാണ്ടിയുടെ 13മത്തെ വിജയമായി കണക്കാക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍. വികസന തുടര്‍ച്ചക്ക് വേണ്ടിയാണ് ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തതെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും പേരെടുത്ത് പറഞ്ഞ് ചാണ്ടി ഉമ്മന്‍ നന്ദി പറഞ്ഞു.

‘വേട്ടയാടല്‍ എല്ലാം പുതുപ്പള്ളിയിലെ ജനത തള്ളി. പുതപ്പള്ളിയില്‍ എനിക്ക് കിട്ടിയത് കുടുംബ അംഗത്തിന് ലഭിക്കുന്ന സ്‌നേഹമാണ്. അപ്പയെ സ്‌നേഹിച്ചവരുടെ ജയമാണിത്. അപ്പയുടെ 13ാമത്തെ വിജയം. രാഷ്ട്രീയത്തിനതീതമായി പുതപ്പള്ളി എന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. അപ്പ പുതുപ്പള്ളിയിലെ ജനങ്ങളുടെ കുടുംബാംഗമായിരുന്നു. അപ്പയുണ്ടായ പോലെ ഞാനും ഉണ്ടാകും.

പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടര്‍ച്ചക്ക് വേണ്ടിയാണ്. വികസന തുടര്‍ച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവര്‍ത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Content Highlight: Chandy Oommen said that the by-election victory in Puthupalli is considered as Oommen Chandy’s 13th victory

We use cookies to give you the best possible experience. Learn more