|

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ചാണ്ടി ഉമ്മന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് നീക്കം. ഇത് സൂചിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഡി.സി.സിക്ക് കത്ത് നല്‍കി.

പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

പുതുപ്പള്ളി മണ്ഡലം കമ്മറ്റിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് പുതുപ്പള്ളിയില്‍ വിജയിച്ചത്.

അതേസമയം ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ എത്തിയത് യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസെക്രട്ടറിയായിരുന്ന ചാണ്ടി ഉമ്മന്‍ ദല്‍ഹിയിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുകയും ദേശീയപ്രചാരണസമിതിയില്‍ അംഗമാവുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ തിരികെയെത്തിയിരിക്കുന്നത്. അതേസമയം കോട്ടയത്ത് യു.ഡി.എഫില്‍ ആശങ്കയുണ്ടാക്കി ലീഗ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

എരുമേലി അടക്കമുള്ള ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തീരുമാനം. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലീഗിനെ തഴഞ്ഞതാണ് തീരുമാനത്തിന് കാരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Chandy Oommen ready to contest in local body elections