Entertainment
പ്രേതമൊക്കെ ശരിക്കും ഉണ്ടെന്ന് പറഞ്ഞ് ലാലേട്ടന്‍ റൂമിലേക്ക് പോയി, എന്റെ അവസ്ഥ അത് കഴിഞ്ഞ് ഭീകരമായിരുന്നു: ചന്തുനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 15, 10:47 am
Wednesday, 15th May 2024, 4:17 pm

12th മാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ ചന്തുനാഥ് പങ്കുവെച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചന്തുനാഥ് അഭിനയിച്ച ഫീനിക്‌സ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. 12th മാന്‍ സിനിമയുടെ ഷൂട്ടിനിടയില്‍ ചന്തുനാഥും സംഘവും ഓജോ ബോര്‍ഡ് കളിച്ചതിന്റെ അനുഭവം പങ്കുവെക്കുന്നതാണ് വീഡിയോയില്‍.

സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി എല്ലാവരും ഓജോ ബോര്‍ഡ് കളിച്ചിരുന്നുവെന്നും, താനും അനു മോഹനും എല്ലാവരെയും പേടിപ്പിച്ചുവെന്നും ചന്തു പറഞ്ഞു. ബഹളം കേട്ട് വന്ന മോഹന്‍ലാലും ജിത്തു ജോസഫും എല്ലാവരോടും റൂമില്‍ പോകാന്‍ പറഞ്ഞെന്നും ചന്തു പറഞ്ഞു. എല്ലാവരും പോയ ശേഷം മോഹന്‍ലാല്‍ തന്റെയടുത്തേക്കെത്തി പ്രേതങ്ങളൊക്കെ ശരിക്കും ഉണ്ടെന്ന് പറഞ്ഞ് പോയെന്നും അതോടുകൂടി തന്റെ ധൈര്യം പോയെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.

’12th മാന്‍ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് രാത്രി ഷൂട്ടിങ് കഴിഞ്ഞിട്ട് എല്ലാവരും ഓജോ ബോര്‍ഡ് കളിക്കാന്‍ തീരുമാനിച്ചു. എന്റെ കോട്ടേജിലായിരുന്നു എല്ലാവരും വന്നത്. എല്ലാം സെറ്റ് ചെയ്ത് വെച്ച് എല്ലരും ചുറ്റിലും ഇരുന്നു. ഞാന്‍ ഗുഡ് സ്പിരിറ്റ് പ്ലീസ് കം എന്നൊക്കെ പറഞ്ഞ് ഷോ ഇട്ടപ്പോള്‍ അനു മോഹന്‍ ആരും കാണാതെ വിളക്ക് ഊതിക്കെടുത്തി. പിന്നെ അവിടെ മുഴുവന്‍ ബഹളമായി.

ഇതൊക്കെ കേട്ടുകൊണ്ട് ലാലേട്ടനും ജിത്തു സാറും വന്നു. എല്ലാരോടും പുറത്ത് പോവാന്‍ പറഞ്ഞു. എല്ലാവരും പോയ ശേഷം ലാലേട്ടന്‍ എന്റെയടുത്തേക്ക് വന്നിട്ട്, ‘ മോനേ, ഈ ഓജോ ബോര്‍ഡൊന്നും കളിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞു. എന്താ കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘പ്രേതമൊക്കെ ശരിക്കും ഉണ്ട്’ എന്ന് പറഞ്ഞ് ലാലേട്ടന്‍ പോയി. ആ വലിയ കോട്ടേജില്‍ ഞാന്‍ ഒറ്റക്കായി. ആ അവസ്ഥ ഭീകരമായിരുന്നു,’ ചന്തുനാഥ് പറഞ്ഞു.

Content Highlight: Chandunath shares the location experience in 12th Man with Mohanlal