ആ ചിത്രത്തിലേക്ക് വിളിച്ചപ്പോൾ, എന്റെ ചെറുപ്പം ചെയ്യാൻ അല്ലാതെ നിന്നെയൊക്കെ ആരാടാ വിളിക്കുകയെന്ന് അച്ഛൻ: ചന്തു കുമാർ
Entertainment
ആ ചിത്രത്തിലേക്ക് വിളിച്ചപ്പോൾ, എന്റെ ചെറുപ്പം ചെയ്യാൻ അല്ലാതെ നിന്നെയൊക്കെ ആരാടാ വിളിക്കുകയെന്ന് അച്ഛൻ: ചന്തു കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 2:31 pm

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.

സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിൽ സലിം കുമാറിന്റെ മകൻ ചന്തു കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിലേക്ക് തന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ സലിംകുമാർ പറഞ്ഞ അഭിപ്രായത്തെ കുറിച്ച് പറയുകയാണ് ചന്തു.

നിന്നെയൊക്കെ ആരാണ് അഭിനയിക്കാൻ വിളിക്കുന്നതെന്നാണ് സലിം കുമാർ ചോദിച്ചതെന്നും തന്റെ ചെറുപ്പം ചെയ്യാനല്ലേ നിന്നെ വിളിക്കുവുള്ളൂവെന്നും സലിം കുമാർ ചോദിച്ചെന്നും ചന്തു പറയുന്നു.

ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം. മുമ്പിറങ്ങിയ മാലിക്, ലവ് ഇൻ സിംഗപ്പൂർ എന്നീ ചിത്രങ്ങളിൽ സലിംകുമാറിന്റെ ചെറുപ്പവേഷം അഭിനയിച്ചത് ചന്തു ആയിരുന്നു.

‘അച്ഛൻ ടിപ്പൊന്നും പറഞ്ഞ് തന്നിട്ടില്ല. സത്യം പറഞ്ഞാൽ വലിയ മൈൻഡ് ആക്കിയിട്ടില്ല. മഞ്ഞുമ്മൽ ബോയ്സിലേക്ക് വിളിച്ചപ്പോ തന്നെ എന്നോട് ചോദിച്ചതും അതാണ്. ഇതിന് മുമ്പ് ഞാൻ ചെയ്തിട്ടുള്ളത് മാലിക്കും ലവ് ഇൻ സിംഗപ്പൂരും ആണ്. ഇതിൽ രണ്ടിലും ഞാൻ അച്ഛന്റെ ചെറുപ്പമാണ് ചെയ്തിട്ടുള്ളത്.

മഞ്ഞുമ്മൽ ബോയ്സിൽ അച്ഛന്റെ ചെറുപ്പമല്ലായെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചത് നിന്നെയൊക്കെ ആരാണ് വിളിക്കുന്നത് എന്നായിരുന്നു. എന്റെ ചെറുപ്പമല്ലാതെ നിന്നെയൊക്കെ ആരാടാ വിളിക്കുന്നേയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഗണപതിയാണ് വിളിച്ചതെന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു, വെറുതെയല്ല എന്നാൽ കുഴപ്പമില്ലായെന്ന്,’ചന്തു കുമാർ പറയുന്നു.

Content Highlight: Chandu Salimkumar Talk About Salimkumar And Manjummal Boys