| Saturday, 24th February 2024, 10:41 pm

ചന്തു എന്ന പേര് ആദ്യം അത്ര ഇഷ്ടമല്ലായിരുന്നു, അത് മാറ്റിയത് മമ്മൂക്കയാണ്; ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമ 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്തതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്.

ചിത്രത്തില്‍ ഏറ്റലും കൈയടി കിട്ടിയ കഥാപാത്രങ്ങളിലൊരാളാണ് ചന്തു സലിംകുമാര്‍ അവതരിപ്പിച്ച അഭിലാഷ്. നടന്‍ സലിംകുമാറിന്റെ മകനാണ് ചന്തു. സലിംകുമാറിന്റെ ചെറുപ്പ വേഷങ്ങള്‍ മാത്രം ചെയ്ത ചന്തുവിന്റെ ആദ്യ മുഴുനീള കഥാപാത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സിലേത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേര് ആദ്യകാലത്ത് ഇഷ്ടമല്ലായിരുന്നെന്നും, അത് മാറ്റി തന്നത് മമ്മൂട്ടിയാണെന്നും പറഞ്ഞു. മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഈ അനുഭവം പങ്കുവെച്ചത്.

മമ്മൂക്കയെ ആദ്യമായി കണ്ടത് തൊമ്മനും മക്കളും സിനിമയുടെ സെറ്റില്‍ വെച്ചാണ്. എന്നെ പിടിച്ച് മടിയിലൊക്കെ ഇരുത്തിയിട്ടുണ്ട്. എന്നിട്ട് എന്നോട് പേര് ചോദിച്ചു. ഞാന്‍ ചന്തു എന്ന് പറഞ്ഞു. അതുവരെ ചന്തു എന്ന പേര് അത്ര ഇഷ്ടമല്ലായിരുന്നു. കൂട്ടുകാര്‍ ആ പേരിനെ കളിയാക്കുമായിരുന്നു. സ്‌കൂളില്‍ ഒഫിഷ്യലായി പേര് ചേര്‍ക്കുന്ന സമയത്ത് അച്ഛന്‍ ചോദിച്ചു, പേര് മാറ്റണോ എന്ന്. എന്നിട്ട് അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നൊക്കെയുള്ള പേര് സജസ്റ്റ് ചെയ്തു. പക്ഷേ അച്ഛന്‍ ഇട്ടുതന്ന പേരല്ലേ എന്ന് ആലോചിച്ച് ചന്തു മതി എന്ന് പറഞ്ഞു.

അപ്പോഴും ചന്തു എന്ന പേരിനോട് ചെറിയൊരു താല്‍പര്യക്കുറവുണ്ടായിരുന്നു. അത് കഴിഞ്ഞ് കൂട്ടുകാര്‍ ആ പേരിനെ കുറേ കളിയാക്കുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തൊമ്മനും മക്കളും സിനിമയുടെ സെറ്റില്‍ പോയപ്പോഴാണ് മമ്മൂക്കയെ കാണുന്നതും എന്നെ വിളിച്ച് മടിയിലിരുത്തി പേര് ചോദിച്ചതും. ഞാന്‍ ചന്തു എന്ന് പറഞ്ഞപ്പോള്‍, ‘ആഹാ, ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ പേരാണല്ലോ’ എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴാണ് ആ പേരിന്റെ പവര്‍ എനിക്ക് മനസിലായത്. ചന്തുവിനെ തോല്‍പിക്കാനാവില്ല മക്കളേ എന്ന ഡയലോഗ് കൂടി പറഞ്ഞപ്പോള്‍ ആ പേരിലുള്ള കോണ്‍ഫിഡന്‍സ് കൂടി’ ചന്തു പറഞ്ഞു.

Content Highlight: Chandu Salimkumar share the experience with Mammootty

We use cookies to give you the best possible experience. Learn more