| Friday, 8th March 2024, 6:46 pm

സലിംകുമാറിന്റെ മകനാണെന്ന് കോളേജില്‍ ആരോടും പറഞ്ഞില്ല, അച്ഛനെപ്പറ്റി കുറ്റവും പറയുമായിരുന്നു: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് നിറഞ്ഞോടുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും റെക്കോഡ് കളക്ഷനാണ് നേടുന്നത്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ചന്തുവിന്റെ കഥാപാത്ത്രിന് ഗംഭീര കൈയടിയാണ് ലഭിച്ചത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ജാങ്കോ സ്‌പോസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ കോളേജ് പഠനകാലത്ത് സലിംകുമാറിന്റെ മകനാണെന്ന് ആരോടും പറഞ്ഞില്ലെന്നും. എല്ലാവരും അച്ഛനെപ്പറ്റി നല്ലത് പറയുന്ന സമയത്ത് താന്‍ മാത്രം അച്ഛനെ കുറ്റം പറയാറുണ്ടായിരുന്നെന്നും ചന്തു വെളിപ്പെടുത്തി. അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പറ്റി ഫ്രണ്ട്‌സ് പറയുമ്പോള്‍ എന്തായിരുന്നു തോന്നിയത് എന്ന ചോദ്യത്തിന് ചന്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവര്‍ക്കും അറിയാമായിരുന്നു ഞാന്‍ സലിംകുമാറിന്റെ മകനാണെന്ന. അന്ന് സെലിബ്രിറ്റിയുടെ മകന്‍ എന്ന വെയിറ്റ് ചെറുതായിട്ട് ഉണ്ടായിരുന്നു. പിന്നീട് കോളേജിലെത്തിയപ്പോള്‍ പരിചയക്കാരന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു, നീ ഈ സെലിബ്രിറ്റിയുടെ മകന്‍ എന്ന സംഗതി മാറ്റി വെച്ച് കോളേജില്‍ ജീവിക്ക്. അതിന്റെ സുഖം കൂടെ അറിയണ്ടേ എന്ന് പറഞ്ഞു. ആലോചിച്ചപ്പോള്‍ എനിക്കും അത് നല്ല പരിപാടിയായി തോന്നി.

കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ സലിംകുമാറിന്റെ മകനാണെന്ന് ആരോടും പറഞ്ഞില്ലായിരുന്നു. എന്റെ പേര് ചന്തു.എസ്. കുമാര്‍ എന്നായിരുന്നു. മുഖസാമ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നെ ഞാന്‍ അച്ഛനെപ്പറ്റി കുറ്റം പറയുമായിരുന്നു. പുള്ളീടെ അഭിനയം പോരാ എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ചിലര്‍ക്ക് തോന്നി. ഇത് സലിംകുമാറിന്റെ മകനല്ലാ എന്ന്. ഒരു മകന്‍ ഇങ്ങനെ അച്ഛന്റെ കുറ്റമൊക്കെ പറയുമോ എന്ന് അവര്‍ ആലോചിച്ചു. ഒന്നുരണ്ട് മാസം കഴിഞ്ഞിട്ടാണ് എല്ലാവരും സത്യമറിഞ്ഞത്. അച്ഛന്‍ കോളേജില്‍ വന്നിരുന്നു. എന്നെ ഒരു പ്രോഗ്രാമിന് കൊണ്ടുവിടാന്‍. അപ്പോഴാണ് എല്ലാവരും അറിഞ്ഞത്, ഇത് സലിംകുമാറിന്റെ മകനാണെന്ന്,’ ചന്തു പറഞ്ഞു.

Content Highlight: Chandu Salimkumar share his experience during college life

We use cookies to give you the best possible experience. Learn more