തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഷൂട്ടിങ് സമയത്ത് എല്ലാവരും തമ്മില്‍ നല്ല ബോണ്ട് ആയിരുന്നെന്നും ഒരു കുടുംബം പോലെയായിരുന്നെന്നും, ഈ സിനിമക്ക് അഞ്ച് തവണ പാക്കപ്പ് പാര്‍ട്ടി നടത്തേണ്ടി വന്നിട്ടുണ്ടെന്നും ചന്തു സലിംകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ഷൂട്ടിങ് അനുഭവങ്ങള്‍ എങ്ങനെയായിരുന്നുവെന്നും, തുടക്കക്കാരന്‍ എന്ന നിലയില്‍ സെറ്റിലെ ഓര്‍മകള്‍ എന്തൊക്കെയായിരുന്നുവെന്നുമുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഇതുപോലൊരു സെറ്റ് ഇനി കിട്ടില്ല എന്ന് ഉറപ്പാണ്. അല്ലെങ്കില്‍ ഇതിലുള്ള എല്ലാവരും ഒരുമിച്ച് ഒന്നുകൂടി ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യേണ്ടി വരും. അത്രയ്ക്ക് ബോണ്ട് ആയിരുന്നു എല്ലാവരും. ബാക്കി എല്ലാ സിനിമയിലും ഷൂട്ട് തീര്‍ന്ന് പോകാനാവും നമ്മള്‍ ആഗ്രഹിക്കുക. പക്ഷേ ഇതില്‍ ആര്‍ക്കും ഷൂട്ട് കഴിഞ്ഞ് പോകണ്ട എന്നായിരുന്നു. അഞ്ച് പാക്കപ്പ് പാര്‍ട്ടിയാണ് ഈ സിനിമക്ക് ഉണ്ടായത്. അതിന്റെ കഥ എന്താണെന്ന് വെച്ചാല്‍ ആദ്യം സെറ്റില്‍ നിന്ന് പോയത് ജീന്‍ ചേട്ടനായിരുന്നു. നടികര്‍ സിനിമയുടെ ഷൂട്ട് ഉള്ള കാരണം ജാന്‍ ചേട്ടന്‍ ആദ്യം പോയി.
അത് കഴിഞ്ഞ് പിറ്റേ ദിവസം ആയപ്പോഴും ആര്‍ക്കും പോവാന്‍ തോന്നിയില്ല. അന്ന് രണ്ടാമത്തെ പാക്കപ്പ് പാര്‍ട്ടി വെച്ചു. അത് കഴിഞ്ഞ് അടുത്ത ദിവസം വീണ്ടും ഒരെണ്ണം നടത്തി. സെറ്റില്‍ നിന്ന് പോയ ബാലു തിരിച്ച് വന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തു. അങ്ങനെ അഞ്ച് ദിവസം പാര്‍ട്ടി നടത്തിയ ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്,’ ചന്തു പറഞ്ഞു.
Content Highlight: Chandu Salimkumar saying that five pack up parties conducted for Manjummel Boys