| Saturday, 24th February 2024, 9:49 pm

അജയേട്ടനിലുള്ള വിശ്വാസമാണ് ഞങ്ങളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്; ചന്തു സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിം കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രം ഹിറ്റായതിന് പിന്നാലെ സിനിമയിലെ ടെക്‌നിക്കല്‍ സൈഡിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ചിത്രത്തിലെ പ്രധാന ലൊക്കേഷനായ ഗുണാ കേവ് സെറ്റിട്ടതാണെന്ന് സംവിധായകന്‍ ചിദംബരം വെളിപ്പെടുത്തിയതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. സിനിമയുടെ പോസ്റ്ററില്‍ കാണിച്ച മരവും സിനിമക്ക് വേണ്ടി സെറ്റിട്ടതായിരുന്നു. ആ മരത്തില്‍ കയറിയപ്പോഴുള്ള അനുഭവം ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ചന്തു സലിംകുമാര്‍ പങ്കുവെച്ചു. മരത്തില്‍ കയറിയപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘അജയേട്ടനിലുള്ള വിശ്വാസമാണ് അങ്ങനെ ചെയ്യാന്‍ കാരണം. അതില്‍ നിന്ന് വീണാല്‍ നേരെ പോകുന്നത് കൊക്കയിലേക്കായിരിക്കും. അങ്ങനെ വീണിരുന്നെങ്കില്‍ തീര്‍ന്നു. ആദ്യം കണ്ടപ്പോള്‍ അത് ഒറിജിനല്‍ മരമാണെന്ന് വിശ്വസിച്ചു. പിന്നെ അത് അജയേട്ടന്റെ വര്‍ക്കാണെന്ന് മനസിലായി. അജയേട്ടന്‍ ചെയ്ത മരമാണല്ലോ, ഇത് വീഴില്ല എന്ന ഒരു ചിന്തയില്‍ അങ്ങ് കയറി,’ ചന്തു പറഞ്ഞു.

അരുണ്‍ കുര്യന്‍, ഗണപതി, അഭിറാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. ഷൈജു ഖാലിദ് ഛായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.

Content Highlight: Chandu Salimkumar about art work of Ajayan Chalissery

We use cookies to give you the best possible experience. Learn more