| Thursday, 13th June 2024, 8:51 am

അവർ അച്ഛന്റെ ചരമ വാർത്ത അയച്ച് തന്നു, എന്തു ചെയ്യണം എന്നറിയാതെ രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിലേക്ക് വിളിച്ചു: ചന്തു സലിംകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയയിൽ പലപ്പോഴും പല തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള നടനാണ് സലിം കുമാർ. സലിംകുമാർ മരണപ്പെട്ടുവെന്ന തരത്തിൽ ഒരുപാട് വട്ടം വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടിട്ടുണ്ട്.

അത്തരം വാർത്തകൾ കാര്യമാക്കറില്ലെന്നും എന്നാൽ ഒരിക്കൽ ശരിക്കും പേടിച്ച് പോയിട്ടുണ്ടെന്നും സലിം കുമാറിന്റെ മകൻ ചന്തു സലിംകുമാർ പറയുന്നു. സംശയം തോന്നി താൻ സഹോദരനെ ഫോൺ വിളിച്ചു നോക്കിയെന്നും താരം പറഞ്ഞു. വനിതാ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ പൊതുവെ കാര്യമാക്കാറില്ല. പക്ഷെ ഒരിക്കൽ ശരിക്കും പേടിച്ചു പോയി. പൂത്തോട്ട എസ്. എൻ കോളേജിൽ പഠിക്കുന്ന സമയം. ഞാനന്ന് ഹോസ്റ്റലിലാണ്. പാതിരാത്രി കഴിഞ്ഞപ്പോൾ സുഹൃത്തുക്കളൊക്കെ മെസേജ് അയക്കുന്നുണ്ട്. അച്ഛന്റെ ചരമവാർത്തകളാണ്.

എന്തുചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. എന്നെ ആശ്വസിപ്പിച്ചു കൊണ്ടും ചില മെസ്സേജുകൾ വന്നു. വീട്ടിൽ നിന്ന് ആരും വിളിച്ചിട്ടുമില്ല. പിന്നെ, രണ്ടും കൽപിച്ച് ആരോമലിനെ വിളിച്ചുണർത്തി. നേരെ കാര്യം ചോദിക്കണ്ട എന്നു തോന്നി.

‘ഡാ.. എന്തുണ്ട് വിശേഷം’ എന്നു ചോദിച്ചു. അവൻ നല്ല ഉറക്കത്തിലായിരുന്നു. ‘പോയി കിടന്നുറങ്ങെടോ, വെളുപ്പിന് രണ്ടു മണിക്കാണോ, സുഖവിവരം തിരക്കുന്നത്?’. പിന്നെയുള്ള സംഭാഷണത്തിലൂടെ നൈസായി അച്ഛന് കുഴപ്പമൊന്നുമില്ല എന്നു മനസ്സിലാക്കി. അങ്ങനെ എത്ര അനുഭവങ്ങൾ,’ചന്തു പറയുന്നു.

എന്നാൽ തനിക്കതിൽ പരിഭവം ഒന്നുമില്ലെന്നും നമ്മൾ എന്തായാലും മരിക്കേണ്ടവരാണെന്നും സലിംകുമാർ പറയുന്നു. വ്യാജ വാർത്തകൾ കുടുംബത്തിനുണ്ടാക്കുന്ന പ്രയാസങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സോഷ്യൽ മീഡിയ പിന്നെ എത്ര പ്രാവശ്യം കൊന്നിരിക്കുന്നു. എനിക്കതിൽ പരിഭവമൊന്നുമില്ല. എന്നായാലും നമ്മൾ മരിക്കേണ്ടവരാണ്. നമ്മുടെ അനുവാദം ചോദിച്ചിട്ടല്ല നമ്മളെ ഈ ഭൂമിയിൽ കൊണ്ടുവന്നത്. നമ്മളെ കൊണ്ടു പോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷെ ഇത്തരം വാർത്തകൾ വരുമ്പോൾ കുടുംബം അനുഭവിക്കേണ്ടി വരുന്ന വേദന വളരെ വലുതാണ്,’സലിം കുമാർ പറയുന്നു.

Content Highlight: Chandu Salikumar Talk About Fake News’s In Social Media

We use cookies to give you the best possible experience. Learn more