| Friday, 28th February 2020, 11:46 am

ചന്ദ്രിക ആഴ്ചപതിപ്പ് അവസാനിക്കുന്നുവോ?

ജിതിന്‍ ടി പി

‘ആരോപണം തന്നെ ശിക്ഷാവിധിയാകുന്ന കരിനിയമം’, ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിസന്ധികള്‍’,’ വരൂ, ഈ തെരുവുകളിലെ രക്തം കാണൂ…’ കഴിഞ്ഞ മൂന്ന് എഡിഷനുകളിലായി പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപതിപ്പിന്റെ കവര്‍ഫോട്ടോയിലെ തലക്കെട്ടുകളാണിത്. രാജ്യം അനിതരസാധാരണമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ആഴ്ചപതിപ്പിന് സാംസ്‌കാരികമണ്ഡലത്തില്‍ എത്രത്തോളം ഇടപെടാന്‍ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ചന്ദ്രിക ആഴ്ചപതിപ്പിന്റെ ഈ തലക്കെട്ടുകള്‍.

എന്നാല്‍  70 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് അച്ചടി നിര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഴ്ചപതിപ്പിലേക്ക് ലേഖനങ്ങളും മറ്റും എഴുതികൊടുക്കുന്നവരോട് ഇനി ലേഖനം വേണ്ടതില്ല എന്നാണ് ചന്ദ്രികയുമായി ബന്ധപ്പെടുമ്പോള്‍ മറുപടി ലഭിക്കുന്നതെന്നാണ് വിവിധ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പറയുന്നത്.

ഏപ്രില്‍ മാസത്തിന് ശേഷമുള്ള പതിപ്പിലേക്ക് ഇനി എഴുത്തുകള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ചന്ദ്രികയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. പ്രസിദ്ധീകരണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചന്ദ്രികയില്‍ വിളിച്ചപ്പോള്‍ പ്രസിദ്ധീകരിക്കാമെന്ന ഉറപ്പ് നല്‍കാനാവില്ലെന്ന മറുപടിയാണ്  ലഭിച്ചതെന്ന് ചന്ദ്രികയില്‍ പലപ്പോഴായി എഴുതിയിട്ടുള്ള സലീം ഡെലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഫിനാന്‍സ് ഡയറക്ടര്‍ എന്നോ മറ്റോ ആണ് അവര്‍ പറഞ്ഞതെന്നാണ് ഓര്‍മ്മ. അവര്‍ നിര്‍ത്താം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാം എന്നുറപ്പ് തരാനാവില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്’, സലീം പറഞ്ഞു.

സ്വാഭാവികമായിട്ടും അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചന്ദ്രികയ്ക്കും ഉണ്ടാകാം. പക്ഷെ അതിനെ മറികടക്കാനുള്ള കഴിവ് ചന്ദ്രികയെ നയിക്കാനുള്ള മുസ്ലീം ലീഗിന് ഉണ്ടെന്നും സാംസ്‌കാരികമായി ചന്ദ്രികയെ മുന്നോട്ടുകൊണ്ടുപോകാനുള്ള നേതൃപാടവം ഇല്ലാത്തതായിരിക്കാം ഒരുപക്ഷെ ചന്ദ്രിക അത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടിവരുന്നതെന്നും സലീം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരു ദശകമായി മനുഷ്യാവകാശം, നീതി, സമാധാനം, ഐക്യം എന്നിവയ്ക്കുള്ള ആത്മാര്‍ത്ഥമായ താല്‍പ്പര്യത്തെയാണ് ഈ വാരിക പ്രതിനിധീകരിച്ചതെന്നും ചന്ദ്രിക ആഴ്ചപതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തലാക്കരുതെന്നും കാര്‍ട്ടൂണിസ്റ്റും ഫിലിം മേക്കറുമായ കെ.പി ശശി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അടച്ചുപൂട്ടലിന്റെ തീരുമാനം മുസ്ലീം ലീഗ് നേതാക്കള്‍ക്ക് അവരുടെ സ്വന്തം സമുദായത്തിന്റെ താല്‍പര്യം പിന്തുടരാനുള്ള അപര്യാപ്തതയെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സ്വാതന്ത്ര്യസമരകാലത്ത് മുസ്ലീം ലീഗ് ഒരു പ്രധാന പങ്ക് വഹിച്ചു. ഇപ്പോള്‍, ഇത് ഒരു ‘ബിസിനസ് പാര്‍ട്ടിയുടെ’ പങ്ക് വഹിക്കുന്നുണ്ടോ എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. ചന്ദ്രിക വാരിക പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ കേരളത്തിലെ മുസ്ലീം ലീഗിന്റെ നേതൃത്വമാണ് വായിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ബാബറി മസ്ജിദ് നാശത്തിനു ശേഷമുള്ള ദിവസങ്ങളിലും തുടര്‍ന്നുള്ള മുസ്ലിം സമുദായത്തിനെതിരായ അതിക്രമങ്ങളിലും മുസ്ലീം സമൂഹം ആശയവിനിമയത്തിന്റെയും മാധ്യമത്തിന്റെയും ആവശ്യകത മനസ്സിലാക്കിയിരുന്നു.’, കെ.പി ശശി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.

ചന്ദ്രിക ഉള്ളടക്കത്തില്‍ വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന കാലത്താണ് നിര്‍ത്തലാക്കാനുള്ള തീരുമാനം വന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസമെന്നാണ് ജബ്ബാര്‍ ചുങ്കത്തറയെന്ന വായനക്കാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘എത്രയോ മികച്ച സംവിധാനങ്ങളും രാഷ്ട്രീയ ബന്ധങ്ങളും നിലനില്‍ക്കുന്ന ഇക്കാലത്ത് ചന്ദ്രിക നിര്‍ത്തലാക്കാന്‍ പോവുകയാണെങ്കില്‍ നമ്മളെത്തിച്ചേര്‍ന്ന സംസ്‌കാരികാപചയത്തെ പഴിക്കുകയേ നിവര്‍ത്തിയുള്ളൂ. ആഴ്ചപ്പതിപ്പ് തുടരേണ്ടതുണ്ട്. കെട്ട കാലത്ത് വെളിച്ചമേകാനുള്ള വിളക്കുകള്‍ പിച്ചള വിലക്ക് തൂക്കി വിറ്റിട്ട് ഇരുട്ടിനെ പഴിക്കാന്‍ എന്തവകാശമാണ് പിന്നെ നമുക്കുള്ളത്?’, ജബ്ബാര്‍ ചോദിക്കുന്നു.

സാംസ്‌കാരിക മൂലധനം ഉള്ള ഒരു നേതൃത്വം ഉണ്ടെങ്കില്‍ എന്തായാലും ഇത്തരത്തിലൊരു പ്രതിസന്ധി ഉണ്ടാകില്ലെന്ന് സലീം ഡെലി ഡൂള്‍ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ അത് പിടിച്ചുവെക്കാനുള്ള സാമ്പത്തികശേഷിയൊക്കെ മുസ്ലീം ലീഗ് വിചാരിച്ചാല്‍ പൊടുന്നനെ ഉണ്ടാക്കാവുന്നതേയുള്ളൂ.

‘ഞാന്‍ മനസിലാക്കിയിടത്തോളം എല്ലാ നേതാക്കള്‍ക്കും ചന്ദ്രിക അച്ചടി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ധാരണയില്ല. ചന്ദ്രികയുടെ അകത്ത് തന്നെ ചിലരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയിട്ടും താല്‍പ്പര്യങ്ങള്‍ ചെലവഴിക്കാന്‍ വേണ്ടിയിട്ടുമുള്ള ഉപകരണമായിട്ട് ചന്ദ്രികയെ കാണുന്നുണ്ട് എന്നതാണ് എനിക്ക് മനസിലായിട്ടുള്ളത്’, സലീം പറഞ്ഞു.

ചന്ദ്രികയെ വിറ്റിട്ടോ അല്ലെങ്കില്‍ ചന്ദ്രികയെ വെച്ചിട്ടോ ചില ആളുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നു എന്ന സംശയം നമ്മളിലുണ്ട്. സംശയം വരാന്‍ കാരണം എല്ലാ നേതാക്കള്‍ക്കും ഇക്കാര്യം അറിയില്ല എന്നുള്ളതാണ്.

രാജ്യം കടന്നുപോകുന്ന ഫാസിസ്റ്റ് കാലത്തില്‍ ചന്ദ്രിക പോലൊരു ആഴ്ചപതിപ്പ് നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിലെ പ്രശ്‌നങ്ങളെ മറ്റ് മറകളില്ലാതെ ഫസ്റ്റ് ഓപ്ഷനില്‍ തന്നെ അഭിമുഖീകരിക്കാന്‍ പറ്റും എന്നതാണ് ചന്ദ്രികയുടെ ഗുണം.

മറ്റുള്ള മാധ്യമങ്ങള്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ മറ്റ് പ്രശ്‌നങ്ങളെ അഡ്രസ് ചെയ്തതിന് ശേഷം മാത്രമായിരിക്കും ലിബറല്‍ സ്‌പേസിനകത്തേക്ക് കൊണ്ടുവരുന്നത്. ചന്ദ്രികയെ സംബന്ധിച്ച് അത് ഫസ്റ്റ് ഓപ്ഷനില്‍ തന്നെ കൊടുക്കാം എന്നുള്ളതാണ്. അത് നഷ്ടപ്പെടുന്നത് ഒരു ഒറ്റുകൊടുക്കല്‍ കൂടിയാണെന്നും സലീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചന്ദ്രിക ആഴ്ചപതിപ്പ് അവസാനിപ്പിക്കാന്‍ തീരുമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പിന്‍വലിക്കണമെന്നും വാരിക തുടര്‍ന്നും പ്രസിദ്ധീകരിക്കണമെന്നും കോളമിസ്റ്റും അധ്യാപകനുമായ ടി.ടി ശ്രീകുമാര്‍ പറയുന്നു.

നിര്‍ത്തലാക്കുന്നില്ല, ഉദ്ദേശിക്കുന്നത് പുനസംഘടന

അതേസമയം സോഷ്യല്‍മീഡിയയില്‍ വന്ന ആരോപണങ്ങള്‍ ചന്ദ്രികയുമായി ബന്ധപ്പെട്ട ഔദ്യോഗിക നേതൃത്വം തള്ളിക്കളഞ്ഞു. ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തലാക്കുന്ന തരത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് ചന്ദ്രിക ആഴ്ചപതിപ്പ് എഡിറ്റര്‍ സി.പി സൈതലവി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

പുതിയ പദ്ധതികള്‍ തുടങ്ങാനുള്ള ആലോചനയുണ്ടെന്നും എന്നാല്‍ നിലവിലുള്ള പ്രൊജക്ടുകളൊന്നും നിര്‍ത്തലാക്കില്ലെന്നും ചന്ദ്രിക ഫിനാന്‍സ് ഡയറക്ടറായ ഷമീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇതുവരെ അങ്ങനെ തീരുമാനവും എടുത്തിട്ടില്ല. കമ്പനിയില്‍ റീ സ്ട്രക്ചറിംഗ് നടക്കുന്നുണ്ട്. നിര്‍ത്താലാക്കാന്‍ ബോര്‍ഡ് തീരുമാനമൊന്നും വന്നിട്ടില്ല. യൂണിറ്റുകളുടെയെല്ലാം റീ സ്ട്രക്ചറിംഗ് ഉണ്ട്. അല്ലാതെ കമ്പനി ഏതെങ്കിലും പ്രൊജക്ട് നിര്‍ത്തുകയോ ഏതെങ്കിലും പ്രൊഡക്ട് ഡിസ്‌കണ്ടിന്യൂ ചെയ്യുന്നതോ ആയിട്ടില്ല.’, ഷമീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൂടുതല്‍ വരുമാനം കൊണ്ടുവരുന്ന ഈവന്റുകളാണ് ലക്ഷ്യമിടുന്നത്. അതില്‍ തന്നെ ഒരു പ്രധാനപ്പെട്ട ഹൈലൈറ്റാണ് ഞങ്ങളുടെ മഹിളാ ചന്ദ്രികയും അതുപോലെ വലിയ സ്വീകാര്യത ലഭിക്കുന്ന ആഴ്ചപതിപ്പും കൂടി ക്ലബ് ചെയ്യുക എന്നത്. അങ്ങനെ ഒരു പദ്ധതി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം യൂത്ത് ലീഗിനെ ഉപയോഗിച്ച് പ്രചരണ ക്യാംപെയ്‌നും ആഴ്ചപതിപ്പിന്റെ ഇ- വേര്‍ഷനും ലക്ഷ്യമിടുന്നുണ്ടെന്ന് ഷമീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. കുറച്ചുകൂടി യുവാക്കള്‍ വരുന്ന തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കുറച്ചുകൂടി ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിടാത്ത വിവാദങ്ങള്‍

കേരളത്തിലിറങ്ങുന്ന വാരികകളില്‍ മികച്ച അഭിപ്രായം നേടുന്ന ഒന്നാണ് ചന്ദ്രിക ആഴ്ചപതിപ്പ്. എന്നാല്‍ ചന്ദ്രികയുമായി ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും കേരളത്തില്‍ പഞ്ഞമില്ലായിരുന്നു.

സമ്പന്നമായ ചരിത്രപാരമ്പര്യമുള്ള പ്രസിദ്ധീകരണം നിലച്ചുപോയതുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്‍ ചില പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുത്താണ് ആഴ്ചപ്പതിപ്പ് വീണ്ടും 2011ല്‍ പുനഃപ്രസിദ്ധീകരിച്ചു തുടങ്ങിയത്. തിരിച്ചുവരവിന് ഊര്‍ജമേകാനായി കേരളത്തിലെ വിവിധഭാഗങ്ങളില്‍ എഴുത്തുകാരുടെ പ്രത്യേക യോഗങ്ങളും പരിപാടികളും നടത്തിയിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി

അതിന് ശേഷമാണ് ഇടവേളയ്ക്ക് ശേഷം ആഴ്ചപതിപ്പ് വീണ്ടും സജീവമായത്. 2017 ല്‍ ആഴ്ചപതിപ്പ് വീണ്ടും നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കെ.പി. കുഞ്ഞിമൂസ ആഴ്ചപതിപ്പിന്റെ ചുമതലക്കാരനായിരുന്ന സമയത്താണ് ആഴ്ചപതിപ്പ് നേരത്തെ നിര്‍ത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ രൂപത്തിലും ഭാവത്തിലും പുനരാരംഭിക്കുകയായിരുന്നു.

ടി.പി. ചെറൂപ്പ ചീഫ് എഡിറ്ററായി വന്നപ്പോഴാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ പീരിയോഡിക്കല്‍ എഡിറ്ററാക്കി ആഴ്ചപതിപ്പ് പുനരാരംഭിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ അപ്പോഴും തുടര്‍ന്നുപോന്നു. എട്ട് പതിറ്റാണ്ടിലധികം ചരിത്രപാരമ്പര്യമുള്ള വാരികയില്‍ ഒരു വര്‍ഷത്തിലധികമായി എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കാത്ത നടപടിയിലടക്കം നിരവധി കാരണങ്ങളില്‍ കൃത്യമായ പരിഹാരം കാണാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് രാജിക്കത്ത് നല്‍കിയിരുന്നു.

ചന്ദ്രികയില്‍ മാസാമാസം ശമ്പളം മുടങ്ങുന്ന അവസ്ഥ കൂടിയായപ്പോള്‍ ആഴ്ചപ്പതിപ്പിന്റെ മരണമണി മുഴങ്ങുകയായിരുന്നു. ഗള്‍ഫില്‍നിന്നടക്കം ആഴ്ചപ്പതിപ്പിന്റെ അക്കൗണ്ടില്‍ വന്നുകൊണ്ടിരുന്ന കാശ് വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണമുയര്‍ന്നു. ഓണപ്പതിപ്പ് വഴി ഉണ്ടാക്കിയ ലക്ഷങ്ങളും വഴിമാറി.

ആഴ്ചപ്പതിപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങളൊന്നുമെടുക്കാതെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് നിലവിലുള്ള അധികാരികള്‍ ചെയ്തുകൊണ്ടിരുന്നതെന്ന ആക്ഷേപം തൊഴിലാളികളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലും ചന്ദ്രികയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് പരാതി.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്. ചന്ദ്രികയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ആണ് ശ്രമം എന്ന് ചന്ദ്രികയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അക്കൗണ്ടിലേക്കെത്തിയ പത്തുകോടി രൂപ വായനക്കാരില്‍ നിന്നുള്ള വരിസഖ്യയാണെന്ന ചന്ദ്രികയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രഹാം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്നതില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.

അതിനിടയില്‍ തന്നെ മുസ്ലീം ലീഗിലെ ഗ്രൂപ്പ് പോരും ചന്ദ്രികയെ ബാധിച്ചു. ഈയിടെ ചന്ദ്രികയ്ക്ക് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി 50 കോടി രൂപ സ്വരൂപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ പിരിവിനെക്കുറിച്ച് പിന്നീട് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവരാതിരുന്നത് സോഷ്യല്‍മീഡിയയിലൂടെ പലരും ഉന്നയിച്ചിരുന്നു.

ചരിത്രം

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക 1934 ല്‍ തലശ്ശേരിയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര വാരിക എന്ന നിലയിലാണ് ‘ചന്ദ്രിക’യുടെ തുടക്കം. 1938-ല്‍ ദിനപത്രമായി. 1948-ല്‍കോഴിക്കോട്ടു നിന്നായി പ്രസിദ്ധീകരണം. 1950 ല്‍ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരില്‍ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്ലിംകളുടെ ഒത്തുചേരല്‍ കേന്ദ്രമായിരുന്ന മുസ്ലിം ക്ലബില്‍ പത്രത്തിനായി നിരവധി കൂടിയാലോചനകള്‍ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാന്‍ തീരുമാനമായത്. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ അറബി പേരുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശില്‍പ്പികള്‍ ചന്ദ്രിക എന്ന മലയാള പദം പേരായി തെരഞ്ഞെടുത്തത്.

സി.എച്ച് മുഹമ്മദ് കോയ

അല്‍ അമീന്‍, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപര്‍. സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് 1935 ഫെബ്രുവരിയില്‍ തന്നെ പത്രം നിര്‍ത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തില്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.

കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധമാണ്. എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, വി.കെ.എന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.എസ് മാധവന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്ചപ്പതിപ്പ് ആയിരുന്നു ചന്ദ്രിക.

കോഴിക്കോട് ആസ്ഥാനമായുള്ള മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ് ചന്ദ്രിക. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്. കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗള്‍ഫില്‍ ‘മിഡിലീസ്റ്റ് ചന്ദ്രിക’ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്.

ലീഗിന്റെ സാംസ്‌കാരിക മൂലധനമാണ് എക്കാലത്തും ചന്ദ്രിക. സി.എച്ചിന്റെ ലക്ഷ്യങ്ങളിലെ ബൗദ്ധീക ഇടപെടലും കൂടിയിരുന്നു ചന്ദ്രിക. അങ്ങനെ തന്നെ അത് വളര്‍ന്നു. എം.ടി വാസുദേവന്‍ നായര്‍ക്ക് ആദ്യമായി പ്രതിഫലം നല്‍കിയത് ചന്ദ്രികയായിരുന്നു. ഇടശ്ശേരി, വള്ളത്തോള്‍, ഉറൂബ്, പി. കുഞ്ഞിരാമന്‍ നായര്‍, എം മുകുന്ദന്‍, ജി ശങ്കരക്കുറുപ്പ്, വക്കം അബ്ദുള്‍ ഖാദര്‍മൗലവി, ഇക്ബാല്‍, എന്‍.എ കരീം, തകഴി, കേസരി, മുണ്ടശേരി, പി ഭാസ്‌കരന്‍,, കേശവദേവ്, അക്കിത്തം, എസ്.കെ പൊറ്റെക്കാട്, കുട്ടികൃഷ്ണമാരാര്‍, തിക്കോടിയന്‍, ആറ്റൂര്‍ രവിവര്‍മ, എം. ഗോവിന്ദന്‍, കെ.ടി മുഹമ്മദ്, പൂവച്ചല്‍ ഖാദര്‍, ഐ.വി ശശി, മാധവിക്കുട്ടി, പി.വത്സല, സാറാജോസഫ്, എം.വി ദേവന്‍, ടി.പത്മനാഭന്‍, യു.എ ഖാദര്‍, എന്‍പി മുഹമ്മദ്, വി.കെ.എന്‍, പുനത്തില്‍ തുടങ്ങി നിരവധി പേരുടെ എഴുത്തുകള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആറ്റൂരിന്റെ മേഘരൂപനും എം മുകുന്ദന്റെ ഈ ലോകം അതിലൊരു മനുഷ്യനും ബഷീറിന്റെ പ്രശസ്തമായ ഓര്‍മക്കുറിപ്പ് ഓര്‍മകളുടെ അറകളും അടക്കം പലരുടെയും പ്രശസ്തമായ കൃതികള്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചത്. സി.എച്ച് മുഹമ്മദ് കോയ പത്രാധിപരായ കാലത്താണ് യു.എ ഖാദറിന്റെ ആദ്യ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ വെളിച്ചം കാണുന്നത്. സി.എച്ചാണ് കമ്യൂണിസ്റ്റുകാരനായ പി.എ മുഹമ്മദ് കോയയെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സ്ഥാനത്ത് അവരോധിച്ചത്.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more