| Saturday, 23rd January 2021, 10:57 pm

പ്രകാശ് കാരാട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് വാര്‍ത്ത നല്‍കി 'ചന്ദ്രിക'; വിവാദമായതോടെ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ബി.ജെ.പിയിലേക്കെന്ന് വാര്‍ത്ത നല്‍കി മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. നല്‍കിയ വാര്‍ത്ത വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തു.

‘സി.പി.ഐ.എം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു ചന്ദ്രിക ഓണ്‍ലൈനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

പ്രകാശ് കാരാട്ട് ദല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിട്ട് അഞ്ച് വര്‍ഷമായെന്നും അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

‘2004ല്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ 64 എം.പി മാരുണ്ടായിരുന്ന സി.പി.ഐ.എം വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങിയത് പ്രകാശ് കാരാട്ടിന്റെ പിടിവാശി മൂലമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്.

ജനകീയനായിരുന്ന ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത കാരാട്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത ആളായിരുന്നു. സൈദ്ധാന്തിക പിടിവാശികള്‍ മാത്രമാണ് അദ്ദേഹത്തെ നയിച്ചത്. യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതടക്കം കാരാട്ടിന്റെ പിടിവാശിയായിരുന്നു. സംഘപരിവാറിന് വഴിയൊരുക്കാന്‍ കാരാട്ട് നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നും ആരോപണമുണ്ട്,’ ചന്ദ്രിക നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകാശ് കാരാട്ട് ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ തേര്‍വാഴ്ചക്കെതിരെ മുതിര്‍ന്ന സി.പി.ഐ.എം നേതാവായ കാരാട്ട് ഇതുവരെ ഒരുവാക്ക് പറഞ്ഞിട്ടില്ല. പൗരത്വസമരം, കര്‍ഷക പ്രക്ഷോഭം, ഷഹീന്‍ ബാഗ് സമരം തുടങ്ങിയ സമരവേദികളിലൊന്നും കാരാട്ടിനെ കണ്ടിട്ടില്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള സി.പി.ഐ.എം തീരുമാനവും കാരാട്ടിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകരടക്കം നരിവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ചന്ദ്രിക വാര്‍ത്ത പിന്‍വലിച്ചത്.

തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് പ്രസിദ്ധീകരിച്ച ചന്ദ്രികയുടെ ഒരു സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഒഫീഷ്യല്‍ പേജില്‍ അത്തരമൊരു അറിയിപ്പ നിലവില്‍ ഇല്ല. പിന്‍വലിച്ചതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chandrika Reported CPIM leader Prakash Karat will join BJP; withdrawn after controversy

We use cookies to give you the best possible experience. Learn more