കോഴിക്കോട്: റംസാന്‍ കഴിഞ്ഞ് പെരുന്നാളായിട്ടും ശമ്പളവും ബോണസും ലഭിക്കാത്തതിനെ തുടര്‍ന്ന് ചന്ദ്രിക പത്രത്തിലെ ജീവനക്കാര്‍ സമരത്തിലേയ്ക്ക്.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ചന്ദ്രികയിലെ ജീവനക്കാര്‍ കോഴിക്കോട് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വരും ദിവസങ്ങളില്‍ വൈകുന്നേരം 4 മണിക്ക് പ്രതിഷേധ പ്രകടനവും പെരുന്നാള്‍ ദിനത്തില്‍ ഹെഡ് ഓഫീസ് പടിക്കല്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുവാനാണ് ജീവനക്കാരുടെ തീരുമാനം.
Read Also : കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. പ്രശാന്തിനെ ഒഴിവാക്കി
മേയ്മാസത്തെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ലെന്നും പെരുന്നാളിനോടനുബന്ധിച്ച് നല്‍കിവരാറുള്ള എക്‌സ് ഗ്രേഷ്യ (ബോണസ്) വര്‍ദ്ധിപ്പിക്കുവാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം താമസിച്ചാണു കിട്ടാറുള്ളതെന്ന് ചന്ദ്രികയിലെ ജീവനക്കാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണു മാനേജ്‌മെന്റിന്റെ വാദമെങ്കിലും അത്തരമൊരു പ്രതിസന്ധിയുള്ളതായി തങ്ങള്‍ കരുതുന്നില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. കഴിഞ്ഞവര്‍ഷങ്ങളില്‍ പെരുന്നാളിനായി അനുവദിച്ചിരുന്ന എക്‌സ് ഗ്രേഷ്യ എല്ലാവര്‍ക്കും ഒരു നിശ്ചിത തുക മാത്രമാണെന്നും അതിനു പകരം ഓരോരുത്തര്‍ക്കും അവരവരുടെ ശമ്പളത്തുകയ്ക്കനുസൃതമായി ഒരു മെച്ചപ്പെട്ട ബോണസ് തുക ലഭ്യമാക്കണമെന്ന ആവശ്യവും മാനേജ്‌മെന്റ് പരിഗണിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.
മജീദിയ വേജ് ബോര്‍ഡ് പ്രകാരമുള്ള മിനിമം വേതനം സ്ഥിരം ജീവനക്കാര്‍ക്കു മാത്രമാണ് ലഭിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ട്രെയിനികള്‍, താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് തുച്ഛമായ ശമ്പളമാണു ലഭിക്കുന്നത്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരപ്പെടുത്താത്ത നിരവധി ജീവനക്കാരുണ്ടെന്നും അവരോട് മാനേജ്‌മെന്റ് തികഞ്ഞ അനീതിയാണ് കാട്ടുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ മിനിമം വേതനവും പി എഫ് അടക്കമുള്ള ആനുകൂല്യങ്ങളും ഈ ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
ശമ്പളം വൈകലിനെക്കൂടാതെ മാനേജ്മെന്റിന്റെ അവഗണനയും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടിയും ജീവനക്കാര്‍ പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു. ഒരുവര്‍ഷത്തോളമായി വളരെ വൈകിയാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഓഗസ്ത് നാലിനു ജീവനക്കാര്‍ ബാഡ്ജ് ധരിച്ച് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ഓഗസ്ത് അഞ്ചിനു നടന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലും ജീവനക്കാര്‍ക്കു നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.
ജീവനക്കാരുടെ പ്രതിനിധികള്‍ ചന്ദ്രികയുടെ മാനേജ്‌മെന്റ് പ്രതിനിധികളേയും പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളേയും നേരിട്ട് കണ്ട് പലതവണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചെങ്കിലും പരിഹാരം കാണുവാന്‍ ഇവരാരും തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരമുറകളിലേയ്ക്ക് പോകാനാണ് ജീവനക്കാരുടെ് തീരുമാനം.
ചന്ദ്രികയുടെ കോഴിക്കോടുള്ള പ്രസ്സും ഓഫീസും രാമനാട്ടുകരയിലേക്കു മാറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. മുസ്ലിംലീഗിന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് നില്‍ക്കുന്ന സ്ഥലം മുസ്ലിംലീഗ് നേതാവ് അബ്ദുല്‍ വഹാബിന് കൈമാറാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നീക്കം തുടങ്ങിയിരുന്നു. പകരം രാമനാട്ടുകരയില്‍ ഭൂമിയും കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്നും വഹാബ് പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.
അങ്ങനെ വന്നാല്‍ കോഴിക്കോട്, മലപ്പുറം എഡിഷന്‍ പത്രം അവിടെ നിന്ന് പ്രിന്റ് ചെയ്ത് രണ്ട് ജില്ലകളിലും വിതരണം ചെയ്യാന്‍ കഴിയും. വലിയ നഷ്ടം ഒഴിവാകുകയും ചെയ്യും. മാത്രമല്ല ഇപ്പോള്‍ ചന്ദ്രികയ്ക്കുള്ള അഞ്ച് കോടിയുടെ ബാധ്യത തീര്‍ക്കാമെന്നുമാണ് വഹാബ് പറഞ്ഞത്. എന്നാല്‍ ഇതിനോട് ലീഗിലെ ഒരുവിഭാഗത്തിന് താല്‍പര്യമില്ലെന്നും പറയപ്പെടുന്നു. വരുംദിവസങ്ങളില്‍ പ്രശ്നപരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.