കോഴിക്കോട്: ചന്ദ്രിക സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ജീവനക്കാരുടെ പി.എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് അറസ്റ്റ് നടന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സമീറിനെ സ്റ്റേഷന്‍ നടപടി പൂര്‍ത്തിയാക്കി വിട്ടയച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ഇന്ത്യ വിട്ടുു പോകരുതെന്നുമുള്ള കര്‍ശന വ്യവസ്ഥയിലാണ് സമീറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സമീര്‍ നടക്കാവ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
2020ല്‍ നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തത്. 2017 മുതല്‍ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പി.എഫ് വിഹിതമാണ് അടയ്ക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്.