കോഴിക്കോട്: കൊവിഡ് കാലത്ത് ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. കൊവിഡ് കാലത്ത് കമ്പനി പ്രതിസന്ധിയിലാണെന്ന് കാണിച്ച് തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
കമ്പനി ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഈ സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ്, തൊഴിലാളികളുടെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും നോട്ടീസില്‍ പറയുന്നു.
പതിനായിരത്തില്‍ കൂടുതലോ ഇരുപതിനായിരത്തില്‍ കുറവോ ശമ്പളം ഉള്ളവര്‍ക്ക് പതിനായിരം രൂപയ്ക്ക് മുകളില്‍ ഉള്ള തുക കുറയ്ക്കും. ഉദാഹരണത്തിന് 17000 രൂപയുള്ളവര്‍ക്ക് 7000 കുറച്ച് 10000 ആക്കും.
ഇരുപതിനായിരത്തില്‍ കൂടുതല്‍ ശമ്പളം ഉള്ള ജീവനക്കാരില്‍ നിന്ന് 50 ശതമാനം ശമ്പളവും പിടിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയില്‍ തുക തിരിച്ചുനല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.
ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മുസ്‌ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീര്‍ ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായി ചന്ദ്രികയിലെ ജീവനക്കാരിലൊരാള്‍ ഡൂള്‍ന്യൂസിനോട് സ്ഥിരീകരിച്ചു. മാനേജ്‌മെന്റ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുകയാണ് മുനീര്‍ ചെയ്തതെന്നും ജീവനക്കാര്‍ പറയുന്നു.
70 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് അച്ചടി നിര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടക്കം അടുത്തിടെ പുറത്തുവന്നിരുന്നു. ആഴ്ചപതിപ്പിലേക്ക് ലേഖനങ്ങളും മറ്റും എഴുതികൊടുക്കുന്നവരോട് ഇനി ലേഖനം വേണ്ടതില്ല എന്നാണ് ചന്ദ്രികയുമായി ബന്ധപ്പെടുമ്പോള്‍ മറുപടി ലഭിക്കുന്നതെന്നാണ് പലരും പറയുന്നതായി ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു.
കൊവിഡിനെ മറയാക്കി നേരത്തെയുള്ള മാനേജ്‌മെന്റ് പദ്ധതികള്‍ നടപ്പില്‍ വരുത്തുകയാണെന്നാണ് ചന്ദ്രികയിലെ ജീവനക്കാര്‍ പറയുന്നത്. ആഴ്ചപ്പതിപ്പ് ഔട്ട്‌സോഴ്‌സ് ചെയ്യുവാന്‍ തീരുമാനിച്ചതായി യൂണിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഡോ. എം.കെ മുനീര്‍ സമ്മതിക്കുന്നതായും ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ചന്ദ്രിക പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലവില്‍ ഔട്ട്‌സോഴ്‌സ് ചെയ്തതാണ്. ലാഭകരമാക്കാന്‍ കഴിയുമായിരുന്ന ഓണ്‍ലൈന്‍ എഡിഷന്‍ ഒട്ടും ആലോചനയില്ലാതെ ഔട്ട്‌സോഴ്‌സ് ചെയ്തത് സ്വന്തക്കാരെ സഹായിക്കാനാണെന്നും ഫിനാന്‍സ് മാനേജരുടെ താത്പര്യമാണെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
നിലവില്‍ കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും പത്രത്തിന്റെ എഡിറ്റോറിയലും പ്രിന്റിങ്ങും മാറ്റുവാനും മാനേജ്‌മെന്റ് പദ്ധതിയിടുന്നതായി ജീവനക്കാര്‍ പറയുന്നു. നിലവില്‍ ചന്ദ്രിക പ്രവര്‍ത്തിക്കുന്ന കെട്ടിടം നില്‍ക്കുന്ന സ്ഥലത്തില്‍ കണ്ണുവെച്ച് ചന്ദ്രികയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ലീഗിലെ ഒരു വിഭാഗവും ജീവനക്കാരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ആഴ്ചപ്പതിപ്പിന്റെയും പത്രത്തിന്റേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങളൊന്നുമെടുക്കാതെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് നിലവിലുള്ള അധികാരികള്‍ ചെയ്തുകൊണ്ടിരുന്നതെന്ന ആക്ഷേപം തൊഴിലാളികളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലും ചന്ദ്രികയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് പരാതി.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്. ചന്ദ്രികയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ആണ് ശ്രമം എന്ന് ചന്ദ്രികയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അക്കൗണ്ടിലേക്കെത്തിയ പത്തുകോടി രൂപ വായനക്കാരില്‍ നിന്നുള്ള വരിസഖ്യയാണെന്ന ചന്ദ്രികയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രഹാം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്നതില്‍ അന്വേഷണം വേണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.
അതിനിടയില്‍ തന്നെ മുസ്‌ലീം ലീഗിലെ ഗ്രൂപ്പ് പോരും ചന്ദ്രികയെ ബാധിച്ചു. ഈയിടെ ചന്ദ്രികയ്ക്ക് വേണ്ടി മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി 50 കോടി രൂപ സ്വരൂപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ പിരിവിനെക്കുറിച്ച് പിന്നീട് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവരാതിരുന്നതിനെ കുറിച്ചും സോഷ്യല്‍മീഡിയയിലൂടെ പലരും ആരോപണം ഉന്നയിച്ചിരുന്നു.
മുസ്‌ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക 1934 ല്‍ തലശ്ശേരിയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര വാരിക എന്ന നിലയിലാണ് ‘ചന്ദ്രിക’യുടെ തുടക്കം. 1938-ല്‍ ദിനപത്രമായി. 1948-ല്‍ കോഴിക്കോട്ടു നിന്നായി പ്രസിദ്ധീകരണം. 1950 ല്‍ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.
നൂറു പേരില്‍ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരല്‍ കേന്ദ്രമായിരുന്ന മുസ്‌ലിം ക്ലബില്‍ പത്രത്തിനായി നിരവധി കൂടിയാലോചനകള്‍ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാന്‍ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ അറബി പേരുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശില്‍പ്പികള്‍ ചന്ദ്രിക എന്ന മലയാള പദം പേരായി തെരഞ്ഞെടുത്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക