[] തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു പ്രധാന കാരണമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ട് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. ബി.ജി.പി അധികാരത്തില്‍ വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ചന്ദ്രികയുടെ മുഖപ്രസംഗം തുടങ്ങുന്നത്.
കോണ്‍ഗ്രസിന്റെ പരാജയം വിലയിരുത്തുന്ന മുഖപ്രസംഗം രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാന്‍ കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസിന് ആകര്‍ഷകമായ ഒരു മുദ്രവാക്യം പോലും ഉണ്ടായിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ മനസ്സ് തൊടാനുള്ള രാഹുലിന്റെ പരിശ്രമങ്ങളെ ശ്ലാഘിക്കുന്ന വേളയില്‍ തന്നെ ഈ ഊരുചുറ്റലുകള്‍ മാത്രം മതിയായിരുന്നില്ല ഇന്ത്യയുടെ ആത്മാവു തൊടാന്‍ എന്നു കൂടി അറിയണമായിരുന്നു. തനിക്കു ചുറ്റുമുള്ള യുവ നേതൃനിരയിലെ ചിലരെ മാത്രമാണ് രാഹുല്‍ പ്രചാരണത്തില്‍ വിശ്വസിച്ചത്- ചന്ദ്രികയുടെ മുഖപ്രസംഗം നിരീക്ഷിക്കുന്നു.
പല സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നിന്നും അനുഭവിച്ച തോല്‍വിയില്‍ നിന്നു പോലും രാഹുല്‍ ബ്രിഗേഡ് പാഠം പഠിച്ചില്ല. ഒരു സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്ത് പരിചയമില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത്, മോദിക്ക് അദ്ദേഹത്തിന്റെ ഹൈടെക് തന്ത്രങ്ങളുടെ പ്രയോഗവത്ക്കരണത്തിന് എളുപ്പം സൃഷ്ടിച്ചു- ചന്ദ്രിക കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കുറ്റങ്ങളും കുറവുകളും പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിരത്തിയുള്ള ആത്മപരിശോധനയാണ് ഈ വേളയില്‍ ആവശ്യമെന്നും ഇഴകീറിയുള്ള പരിശോധനക്കേ കേടുപാടുകളുടെ ആഴം മനസ്സിലാക്കാനാകൂ എന്നും മുഖപ്രസംഗം നിര്‍ദേശിക്കുന്നു.
മഹാത്മാഗാന്ധിയും നെഹ്‌റുവും ആസാദും മനസ്സുതൊട്ടനുഗ്രഹിച്ച പാര്‍ട്ടി, രാജ്യത്തിന്റെ മതേതരജനാധിപത്യ പാരമ്പര്യങ്ങള്‍ക്കായി നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അത് ക്ഷയിക്കാന്‍ അനുവദിച്ചുകൂടാ. കോണ്‍ഗ്രസിന്റെ ശക്തിക്ഷയങ്ങളുടെ സുഷിരങ്ങളിലേക്ക് നൂണുകയറുന്നത് വലതുപക്ഷ തീവ്രവാദമാണ് എന്ന ആപത്തും കാണാതിരുന്നു കൂടാ- മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു.