കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രിക ദിനപത്രം. തെരഞ്ഞെടുപ്പ് കാലയളവില്‍ സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തകളും ലേഖനങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
മുസ്‌ലിം ലീഗിനെയും സമസ്തയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് സുപ്രഭാതത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ഡോ. മോയിന്‍ മലയമ്മ എഴുതിയ ‘ചേര്‍ന്നുനില്‍പ്പിനെ അപകടപ്പെടുത്തരുത്’ എന്ന ലേഖനത്തിലാണ് വിമര്‍ശനം.
90 ശതമാനം സുപ്രഭാതം വരിക്കാരും സമസ്തക്കാരായ ലീഗുകാരാണെന്ന് ചന്ദ്രിക ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ചേര്‍ന്നുനില്‍ക്കേണ്ട സ്വന്തം ശരീരത്തോട് വിഭാഗീയത പ്രകടിപ്പിക്കുന്നത് നിരാശാജനകമാണെന്ന് ഡോ. മോയിന്‍ മലയമ്മ കൂട്ടിച്ചേര്‍ത്തു. അടുത്തിടെയായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രീയ വാര്‍ത്തകളെല്ലാം മുസ്‌ലിം ലീഗിനെ ഒരു അപരനായി കണ്ടുകൊണ്ട് നല്‍കിയവയാണെന്നും ചന്ദ്രിക പറയുന്നു.
സി.ഐ.സി വിഷയത്തില്‍ കേരളത്തിലെ പ്രധാന ഉമറാക്കള്‍ യോഗം ചേര്‍ന്നതിനെ ‘സമസ്തയും ലീഗും ചര്‍ച്ച നടത്തി’ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും വഖഫ്, സംവരണ ചര്‍ച്ചകളിലെല്ലാം സമാനമായ വിഭാഗീയത കാണിച്ചിട്ടുണ്ടെന്നും ചന്ദ്രിക ലേഖനം പറയുന്നു.
അതിര്‍ത്തികള്‍ക്കപ്പുറം എല്ലാ കൊടിയും ഒന്നാണെന്ന തലക്കെട്ടില്‍ സുപ്രഭാതം നല്‍കിയ വാര്‍ത്ത ഇതിനുദാഹരണമാണെന്നും ലീഗിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടം കാപട്യമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണിവയെന്നും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.
അതേസമയം സമസ്താ പത്രം പരസ്യമായി കത്തിച്ച സംഭവത്തെ ചന്ദ്രിക കാണുന്നത് ഒരു സമസ്തക്കാരന്‍ താന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണം അതിരുവിട്ട് കാണുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിഷേധമായാണ്. ഈ പ്രതിഷേധം ഒരു വ്യക്തിയുടെ മാത്രമല്ലായിരുന്നുവെന്നും സുപ്രഭാതം പത്രത്തെ സ്‌നേഹിക്കുന്ന ആയിരക്കണക്കിന് ആളുകളുടേത് കൂടിയായിരുന്നുവെന്നും ചന്ദ്രിക പറയുന്നു.
എന്തുപറയണം, എങ്ങനെ പറയണം, എന്ത് ഹൈലൈറ്റ് ചെയ്യണം എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങള്‍ പോലും സുപ്രഭാതം മറന്നുപോകുന്നുവെന്നും ചന്ദ്രിക വിമര്‍ശിച്ചു. ചേര്‍ന്നിരുന്ന് ശക്തി പകരേണ്ടവര്‍ തന്നെ ഒരേ കുടുംബത്തിലെ അംഗത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് കേവല ബോധമില്ലായ്മയുടെ ഭാഗമാണെന്നും ചന്ദ്രിക ലേഖനം കുറ്റപ്പെടുത്തി.
സമസ്ത-ലീഗ് ബന്ധത്തെ സോഷ്യല്‍ മീഡിയ വഴി ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കാതെ, പ്രസ്തുത ബന്ധത്തെ തകര്‍ക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കാനാണ് സുപ്രഭാതം ശ്രമിച്ചതെന്നും ചന്ദ്രിക ചൂണ്ടിക്കാട്ടി.
സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് മുഖ്യഹേതുവായ ചേര്‍ന്നുനില്‍പ്പിനെ തുരങ്കം വെക്കുന്ന കുടില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചേ മതിയാകൂ എന്ന് മോയിന്‍ മലയമ്മ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Chandrika daily criticized Suprabhatham