[]കോഴിക്കോട്: രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും വിമര്‍ശിച്ചതിന് പിന്നാലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതേണ്ടതുണ്ടെന്ന് ലീഗ് മുഖപത്രം ചന്ദ്രിക. മോദി പ്രധാനമന്ത്രിയാകുന്നതോടെ ലോകം അവസാനിക്കുന്നില്ലെന്നും ഇന്ത്യയുടെ ബഹുസ്വരത അതിനനുവദിക്കില്ലെന്നും ലേഖകന്‍ നജീബ് കാന്തപുരം നിരീക്ഷിക്കുന്നു.
ഇനി രാഷ്ട്രീയ സമവാക്യങ്ങല്‍ മാറേണ്ടതുണ്ടെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ പുതിയ സാഹചര്യത്തില്‍ മതേതര മുന്നണികള്‍ യോജിക്കേണ്ടതുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ മതേതര മുന്നണികളെ യോജിപ്പിച്ചു നിറുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും വിമര്‍ശനം ഉന്നയിക്കുന്നു.
പുതിയ കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടത്ര മാനസിക വലിപ്പം ഉണ്ടാകില്ലെന്നും ആരുടെയും പേരെടുത്ത് പറയാതെ ലേഖനം വിമര്‍ശിക്കുന്നു. മതേതര കൂട്ടായ്മ കേവലം വോട്ടു താല്‍പര്യങ്ങള്‍ക്കപ്പുറത്തുള്ള ആത്മാര്‍ത്ഥമായ നീക്കങ്ങളായിരിക്കണമെന്നും താല്‍ക്കാലിക വിജയത്തിന് വേണ്ടി ഏത് വേഷവും കെട്ടിയാടുന്നവരായി രാഷ്ട്രീയ നേതൃത്വം പരിണമിച്ചുകൂടായെന്നും ലേഖനത്തില്‍ പറയുന്നു.
“രാജ്യ താല്‍പര്യവും ജനതാല്‍പര്യവുമാണ് ആത്മാര്‍ത്ഥതയുള്ള നേതൃത്വത്തെ നയിക്കേണ്ടത്. എന്നാല്‍ പലപ്പോഴും അത്തരത്തിലുള്ള ഒരു മാനസിക വലുപ്പം പുതിയ കാലത്തെ ചില നേതാക്കള്‍ക്കുണ്ടാവുന്നില്ലെന്ന് വേണം കരുതാന്‍. എ.എ.പിക്ക് ഈ തെരഞ്ഞെടുപ്പിലുണ്ടായ അന്ത്യം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂടുതല്‍ ഉണര്‍ന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്”- ലേഖനത്തില്‍ വ്യക്തമാക്കുന്നു.
“മുഖ്യ മതേതര കക്ഷിയായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര ചേരിയെ ബലപ്പെടുത്താന്‍ ഒരു നീക്കവുമുണ്ടായില്ല. പ്രാദേശിക കക്ഷികളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനോ മുന്നണി വിപുലീകരിക്കാനോ കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങളുമുണ്ടായില്ല. മതേതര ചേരിക്കകത്തെ തൊട്ടുകൂടായ്മകള്‍ അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വെക്കുന്ന ഏറ്റവും സുപ്രധാനമായ ആശയം. വര്‍ഗീയതയെയും തീവ്രവാദത്തെയും ചെറുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യോജിച്ച് നില്‍ക്കുന്ന അന്തരീക്ഷം രൂപപ്പെടണം. ഇതിനുള്ള വിശാല മനസ്സ് എല്ലാ ഭാഗത്ത് നിന്നുമുണ്ടാവണം-“ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ചരിത്രത്തിലാദ്യമായി മതേതര മുന്നണികളില്‍ നിലയുറപ്പിച്ചവര്‍ക്ക് നാമമാത്രമായ പ്രതിനിധികളെ മാത്രമേ വിജയിപ്പിക്കാനായുള്ളുവെന്നും ഡി.എം.കെക്ക് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ലെന്നും ലേഖനത്തില്‍ പറയുന്നു. പാര്‍ലമെന്റിലെത്തിയ മുസ്‌ലിം അംഗങ്ങളുടെ എണ്ണം 24 ആയി ചുരുങ്ങിയെന്ന ആശങ്കയും ലേഖനം പങ്കു വെക്കുന്നു.
മതേതര ചേരിയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പാര്‍ലമെന്റിലേക്കെതിയ നമ്പര്‍ ചെറുതായതുകൊണ്ട് തന്നെ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ച ഒരു മുന്നണിക്ക് രൂപം നല്‍കേണ്ടതുണ്ട്.
“നരേന്ദ്രമോഡിയുടെ ഇന്ത്യയില്‍ വൈകാരികമായ പ്രതിഷേധങ്ങളല്ല രൂപപ്പെടേണ്ടത്. യുക്തിഭദ്രവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ ആശയങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്. അങ്ങിനെ വരുമ്പോള്‍ മുന്നണികളുടെയും രാഷ്ട്രീയ ബന്ധങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടിവരും. ഉച്ചനീചത്വങ്ങള്‍ക്കപ്പുറത്ത് ഇഴയടുപ്പത്തോടെയുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ് ഇനി ഇന്ത്യ കാത്തിരിക്കുന്നത്”- ലേഖനത്തില്‍ പറയുന്നു.