Kerala News
പരസ്യം നൽകാൻ സി.എച്ചിനെ വെട്ടി ചന്ദ്രിക; ലീഗിനുള്ളിൽ കടുത്ത വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 01, 02:34 pm
Friday, 1st November 2024, 8:04 pm

തിരുവനന്തപുരം: ലീഗിന്റെ എക്കാലത്തെയും അതികായനായ നേതാവിനെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പിൽ നിന്ന് ഒഴിവാക്കി ചന്ദ്രിക. മുസ്‌ലിം ലീഗിന്റെ മുഖപത്രം ചന്ദ്രിക പ്രസിദ്ധീകരിച്ച പ്രത്യേക പേജിലെ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ സി.എച്ച് മുഹമ്മദ് കോയ ഇല്ല.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രത്യേക പേജിൽ നിന്നാണ് സ്ഥാപക പത്രാധിപർ കൂടിയായ സി.എച്ച് മുഹമ്മദ് കോയ പുറത്തായത്.

ലീഗിൽ നിന്നുള്ള കേരളത്തിലെ ഏക മുഖ്യമന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയെ, നമ്മെ നയിച്ചവർ എന്ന തലക്കെട്ടോടുകൂടി നൽകിയ പ്രത്യേക പേജിൽ നിന്നാണ് ഒഴിവാക്കിയിരിക്കുന്നത്. ഇത് ലീഗിൽ വലിയ പ്രതിഷേധത്തിന് തിരി തെളിയിച്ചിരിക്കുകയാണ്.

തിരുവനന്തപുരം എഡിഷനിലാണ് സി.എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കിയത്. കണ്ണൂർ എഡിഷനിൽ അദ്ദേഹത്തിന്റെ ചിത്രവും കുറിപ്പും നൽകിയിട്ടുണ്ട്.

1979ൽ 54 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. രണ്ട് തവണ ഉപ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. വിഷയത്തിൽ ലീഗിൽ കടുത്ത അമർഷം ഉയരുന്നുണ്ട്.  സർക്കാർ പരസ്യം നൽകാൻ വേണ്ടിയാണ് തിരുവനന്തപുരം എഡിഷനിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉയരുന്ന ആരോപണം .

Content Highlight: Chandrika cuts , CH to advertise; Strong criticism within the league