| Wednesday, 20th October 2021, 4:22 pm

ചന്ദ്രിക കള്ളപ്പണക്കേസ്; മുഈനലി ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.

ബുധനാഴ്ച രാവിലെയാണ് മുഈനലി തങ്ങള്‍ ഹാജരായത്.

ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ്രിക ഡയറക്ട് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മറ്റൊരു ദിവസം കൂടി ഹാജരാകാന്‍ ഇ.ഡി മുഈനലി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട പണം ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഈനലി ആരോപിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രിക ഫിനാന്‍സ് ഡയറക്ടറും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മുഹമ്മദ് സമീര്‍ ആണ് സ്ഥിതി വഷളാക്കിയതെന്നുമാണ് മുഈനലി ആരോപിച്ചത്.

കഴിഞ്ഞ മാസം 17ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മൊഴിയെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഈനലി തങ്ങള്‍ ഉദ്യോഗസഥരെ അറിയിച്ചിരുന്നു.

ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഈനലിയെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇക്കാര്യം വെളിവാക്കുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ കത്തും പുറത്തായിരുന്നു.

ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാന്‍ മുഈനലിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് അംഗങ്ങള്‍ കൂടിയാലോചിച്ച് എല്ലാ ബാധ്യതകളും തീര്‍ക്കേണ്ടതാണെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഹൈദരലി തങ്ങളുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിയ രൂപത്തിലുള്ള കത്താണ് പുറത്തുവന്നിരുന്നത്.

Content Highlight: Chandrika Black money case Mueen Ali Thangal ED

We use cookies to give you the best possible experience. Learn more