കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് രാവിലെകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കണമെന്നിരിക്കട്ടെ, നല്ല ഭക്ഷണം കിട്ടുന്ന ഒരു സ്ഥലമായിരിക്കുമല്ലോ മിക്കവരും തിരയുക. അങ്ങനെയെങ്കില്‍ യാത്രക്കിടയില്‍ സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് മടങ്ങാന്‍ കഴിയുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട് ജില്ലയിലെ തുറയില്‍ക്കാവില്‍.
കോഴിക്കോട് നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കാരന്തൂര്‍ എന്ന സ്ഥലത്തിന് തൊട്ട്മുന്‍പാണ് തുറയില്‍ക്കാവുള്ളത്. അവിടെയെത്തിയാല്‍ തുറയില്‍ക്കാവ് ഭഗവതി ക്ഷേത്രം എന്ന കവാടത്തിന് ഉള്ളിലൂടെയുള്ള റോഡില്‍ 200 മീറ്റര്‍ അകത്തേക്ക് ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കടയെന്ന ഒരു ബോര്‍ഡ് കാണാം. ചന്ദ്രേട്ടന്റെ ചായക്കടയാണ് കഥയിലെ താരം ഒപ്പം ചൂടുള്ള നല്ല നാടന്‍ കൈപ്പത്തിരിയും മീന്‍വറുത്തതും മീഞ്ചാറും നമുക്ക് മുന്നിലേക്ക് നീട്ടുന്ന ചന്ദ്രേട്ടനും.
കേരളത്തില്‍ അധികയിടങ്ങളില്‍ കാണാന്‍ കഴിയാത്ത പാരമ്പര്യവിഭവമായ കൈപ്പത്തിരിയാണ് ചന്ദ്രേട്ടന്റെ കടയെ സവിശേഷമാക്കുന്നത്. അരിപ്പൊടിയില്‍ തിളച്ച വെള്ളമൊഴിച്ച് കുഴച്ച്, മാവ് പരുവത്തിലാക്കി ഇലയില്‍ വെച്ച് കൈകൊണ്ട് പരത്തി മണ്‍ചട്ടിയില്‍ കൈകൊണ്ട് തന്നെ ചുട്ടെടുക്കുന്ന പത്തിരിയില്‍ ചൂടുള്ള മീഞ്ചാറൊഴിച്ച് പൊരിച്ച മീനും കൂട്ടി കഴിക്കാന്‍ ചന്ദ്രേട്ടന്റെ കടയില്‍ തിരക്കായിരിക്കും.