| Friday, 26th October 2018, 11:27 pm

ചന്ദ്രയാന്‍-2; ഒടുവിലത്തെ പരീക്ഷണ ലാന്‍ഡിങ്ങ് വിജയകരം: ഐ.എസ്.ആര്‍.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്ന ചന്ദ്രയാന്‍-2 ലെ മൂണ്‍ ലാന്‍ഡര്‍ “വിക്രം” പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കിയതായി ഐ.എസ്.ആര്‍.ഒ അറയിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായുടെ പേരാണ് മൂണ്‍ലാന്‍ഡറിന് നല്‍കിയിരിക്കുന്നത്.

പര്യവേഷണവാഹനം സുരക്ഷിതമായി തിരിച്ചിറക്കാനുള്ള നിര്‍ണ്ണായക ഘടകങ്ങളായ ഗതിനിര്‍ണ്ണയം, മാര്‍ഗനിര്‍ദ്ദേശം, നിയന്ത്രണം തുടങ്ങിയവ പരിശോധിക്കുന്ന ക്രൂഷ്യല്‍ ലാന്‍ഡര്‍ ആക്യുറേറ്റര്‍ ടെസ്റ്റ്(ലാപ്റ്റ്) ആണ് വിക്രം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചന്ദ്രനിലേയും ഭൂമിയിലേയും ഗുരുത്വാകര്‍ഷണ ബലത്തിലുള്ള അന്തരത്തെ പരിഹരിച്ച് ദൗത്യത്തിന്റെ വിജയം ഉറപ്പുവരുത്തലാണ് ലാപ്റ്റിന്റെ ഉദ്ദേശ്യം. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആര്‍.ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ വച്ചായിരുന്നു പരീക്ഷണം.

ALSO READ: ശ്രീലങ്കയില്‍ രാഷ്ട്രീയ അട്ടിമറി; രജ്പക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

“ചന്ദ്രോപരിതലത്തില്‍ ലംബമായും സമാന്തരമായും ഗതിനിര്‍ണ്ണയിച്ച മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് ലാന്‍ഡ് ചെയ്യാനുള്ള വിക്രമിന്റെ കഴിവാണ് ഈ പരീക്ഷണം ഉറപ്പുവരുത്തുന്നത്, ഇതോടെ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞു. വളരെ നിര്‍ണ്ണായകമായ നേട്ടമാണ് ഇന്ന് കൈവരിച്ചത്”- ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അടുത്തവര്‍ഷം ജനുവരിയിലാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. 2008ലാണ് ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ ചന്ദ്രപര്യവേഷണം വാഹനം ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ചന്ദ്രയാന്‍-1 ല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചന്ദ്രനില്‍ തണുത്തുറഞ്ഞ വെള്ളത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more