|

ചന്ദ്രയാന്‍ ഭ്രമണപഥത്തില്‍; അഭിമാന നിമിഷമെന്ന് ഐ.എസ്.ആര്‍.ഒ; പുതിയ അധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീഹരിക്കോട്ട:: ചന്ദ്രയാന്‍-3 ആദ്യഘട്ട വിക്ഷേപണം വിജയകരമായെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം റോക്കറ്റ് ഭ്രമണപഥത്തിലെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്ന് ഐ.എസ്.ആര്‍.ഒ മേധാവി പറഞ്ഞു.

ചന്ദ്രയാന്‍-3 ഇന്ത്യയുടെ ബഹിരാകാശ ഉദ്യമങ്ങളില്‍ ഒരു പുതിയ അധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളും അഭിലാഷങ്ങളും ഉയര്‍ത്തികൊണ്ട് അത് ഉയരത്തില്‍ കുതിക്കുകയാണ്.

ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ആത്മാര്‍ത്ഥതയെയും ചാതുര്യത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ചന്ദ്രയാന്‍-3 വിക്ഷേപണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ‘ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ ചന്ദ്രയാന്‍-3 വിജയകരമായി വിക്ഷേപിച്ചു.

ഐ.എസ്.ആര്‍.ഒയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ നേട്ടം കൈവരിക്കാന്‍ പ്രവര്‍ത്തിച്ച ടീമിലെ എല്ലാവരും അശ്രാന്തമായി പരിശ്രമിച്ചു. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിയോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ചാന്ദ്രദൗത്യം വിജയിക്കുന്നതിന് എന്റെ ആശംസകള്‍,’ രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

അതേസമയം, ചന്ദ്രയാന്‍-3 പേടകം 40 ദിവസം കൊണ്ടാണ് ചന്ദ്രനില്‍ ഇറക്കുക. ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഐ.എസ്.ആര്‍.ഒയുടെ സുപ്രധാനമായ മൂന്നാം ദൗത്യമാണിത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് 2.35നാണ് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ബഹിരാകാശ പേടകം പറന്നുയര്‍ന്നത്. ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ ഏഴാം ദൗത്യമാണിത്.

ഓഗസ്റ്റ് 23ന് ചന്ദ്രയാന്‍-3 പേടകം ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്ന് 36,500 കിലോ മീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ പാര്‍ക്കിങ് ഓര്‍ബിറ്റിലേക്കാണ് ചന്ദ്രയാന്‍ നീങ്ങുന്നത്.

പാര്‍ക്കിങ് ഓര്‍ബിറ്റില്‍ നിന്ന് അഞ്ച് ഘട്ടമായി ഭൂമിയില്‍ നിന്നുള്ള അകലം കൂട്ടും. ലാന്‍ഡറും റോവറും പ്രൊപ്പല്‍ഷന്‍ മോഡ്യൂളും ചേര്‍ത്ത് വാഹനത്തിന്റെ ആകെ ഭാരം 3,900 കിലോയാണ്.

 2019ല്‍ ചന്ദ്രയാന്‍-2 ദൗത്യം സോഫ്റ്റ് ലാന്‍ഡിങ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇതിന് ശേഷമുള്ള ഐ.എസ്.ആര്‍.ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പലതവണ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയെങ്കിലും, റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന ഘട്ടത്തില്‍ പൊട്ടിത്തെറിച്ചിരുന്നു.
Content Highlihts: chandrayan-3 in orbit, prestigious moment for isro, modi applauds scientists