ന്യൂദല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരം. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടു കൂടി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാം രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യവുമാണ് ഇന്ത്യ.
ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് തന്നെയാണ് ചന്ദ്രയാന്‍ ചന്ദ്രോപരി തലം തൊട്ടത്. വൈകുന്നേരം 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ 19 മിനിറ്റുകള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.
ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലാന്‍ഡറിലേക്ക് എത്തിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയന്‍സ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്.
ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രോപരി തലത്തില്‍ സഞ്ചരിക്കുന്ന റോവര്‍, ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് ചന്ദ്രയാന്‍ മൂന്ന്.
ചന്ദ്രയാന്റെ വിജയം ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.