ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് 'ശിവ ശക്തി പോയിന്റ്' എന്ന പേര് നല്‍കി മോദി
ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ കാല്‍ കുത്തിയ സ്ഥലത്തിന് ‘ശിവ ശക്തി പോയിന്റ്’ എന്ന് പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവന്‍ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിനുള്ള കരുത്ത് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍ 2 ഇറങ്ങിയ സ്ഥലം തിരംഗ പോയിന്റ് എന്നറിയപ്പെടുമെന്നും മോദി പറഞ്ഞു. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കാല്‍കുത്തിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തെത്തി അഭിനന്ദിക്കുകയായിരുന്നു മോദി. ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുകയാണെന്നും മോദി പറഞ്ഞു.
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് നടത്തിയപ്പോള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ദക്ഷിണാഫ്രിക്കയിലായിരുന്നു. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ അഭിമാനകരമായ നിമിഷത്തില്‍ താന്‍ വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങളുടെ കൂടെയായിരുന്നുവെന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞാലുടന്‍ നിങ്ങളെ കാണാനാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ എത്തിയ മോദിയെ
ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് സ്വീകരിച്ചു. ചന്ദ്രയാന്‍ 3 ദൗത്യത്തെ കുറിച്ച് സോമനാഥ് പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി എത്തിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് സോമനാഥ് പറഞ്ഞു.
ബുധനാഴ്ചയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 3 സോഫ്റ്റ്‌ലാന്‍ഡിങ് നടത്തിയത്. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പില്‍ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
Content Highlights: Chandrayaan-3 touchdown point to be known as ‘Shiva Shakti Point’