| Tuesday, 20th February 2018, 7:05 pm

ചന്ദ്രയാന്‍ 2 ദൗത്യം നടപ്പിലാക്കുന്നത് നോളന്‍ ചിത്രം 'ഇന്റര്‍സ്‌റ്റെല്ലാറി'നേക്കാള്‍ കുറഞ്ഞ ചെലവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ “ചന്ദ്രയാന്‍ 2”-ന്റെ ചെലവ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട്. 800 കോടി രൂപയാണ് ചന്ദ്രയാന്‍ 2-ന്റെ ചെലവ്. ഇന്റര്‍സ്റ്റെല്ലാര്‍ നിര്‍മ്മിച്ചത് 1,062 കോടി രൂപയ്ക്കാണ്.

നേരത്തേ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനും കുറഞ്ഞ ചെലവിലാണ് ഐ.എസ്.ആര്‍.ഒ നടത്തിയത്. “ഗ്രാവിറ്റി” എന്ന ഹോളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 644 കോടി രൂപയായിരുന്നു ഗ്രാവിറ്റിയുടെ ചെലവ് എങ്കില്‍ മംഗള്‍യാനു വേണ്ടി വെറും 470 കോടി രൂപയായിരുന്നു വേണ്ടി ഇന്ത്യ ചെലവഴിച്ചത്.

ചാന്ദ്രോപരിതലത്തില്‍ പര്യവേഷണവാഹനം ഇറക്കിയുള്ള ദൗത്യമുള്‍പ്പെടെ ചന്ദ്രയാന്‍ 2-ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസം വിക്ഷേപണം നടത്താനാണ് ഐ.എസ്.ആര്‍.ഒ പദ്ധതിയിടുന്നത്. നാസയുടെ അപ്പോളോ ദൗത്യത്തില്‍ നിന്നും റഷ്യയുടെ ലൂണ ദൗത്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

അമേരിക്കയുടേയും റഷ്യയുടേയും പര്യവേഷണവാഹനങ്ങള്‍ ഇറങ്ങിയത് ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്തായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2-ലെ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണവാഹനം ഇറങ്ങുന്നത് ചന്ദന്റെ ദക്ഷിണധ്രുവപ്രദേശത്താണ്.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളാല്‍ സമൃദ്ധമായ പ്രദേശമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവമെന്നതാണ് ഇതിനു കാരണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറയുന്നു. ഇത് ചന്ദ്രനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ സഹായിക്കും.

ആറു ചക്രങ്ങളുള്ള പര്യവേഷണവാഹനമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. 100 മുതല്‍ 200 മീറ്റര്‍ ദൂരമാണ് വാഹനം ചാന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുക. ഭൂമിയിലെ 14 ദിവസങ്ങള്‍, അതായത് ചന്ദ്രനിലെ ഒരുദിവസമാണ് പര്യവേഷണവാഹനം ചാന്ദ്രോപരിതലത്തെ പഠിക്കുക. ഓര്‍ബിറ്റര്‍ മുഖാന്തിരം 15 മിനുറ്റിനുള്ളില്‍ പര്യവേഷണ വാഹനത്തില്‍ നിന്നും ചിത്രങ്ങളും വിവരങ്ങളും ഭൂമിയില്‍ എത്തും.

We use cookies to give you the best possible experience. Learn more