| Sunday, 4th August 2019, 5:53 pm

ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ നീലവര്‍ണ്ണമാര്‍ന്ന ഭൂമി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നാലെ പേടകത്തിലെ ക്യാമറ പകര്‍ത്തിയതെന്ന രീതിയില്‍ നിരവധി ചിത്രങ്ങള്‍ വാട്‌സ് ആപ്പ് ഫോര്‍വേഡുകളായി എത്തിയിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ. പേടകത്തിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ.

പേടകത്തിലെ വിക്രം എന്ന ലാന്‍ഡറിലുള്ള എല്‍ 14 ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍. നീലനിറത്തിലുള്ള ഭൂമിയുടെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ട്വീറ്റിലൂടെയാണ് പങ്കുവച്ചത്.

ആദ്യശ്രമത്തില്‍ നേരിട്ട സാങ്കേതികപ്പിഴവുകള്‍ തിരുത്തി ചരിത്രദൗത്യവുമായി ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് ചന്ദ്രയാന്‍ രണ്ട് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയര്‍ന്നത്. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ എത്തിയ ഏഴായിരത്തി അഞ്ഞൂറോളം പേരെ സാക്ഷിനിര്‍ത്തിയായിരുന്നു ചന്ദ്രയാന്റെ കുതിപ്പ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ചൊവ്വാഴ്ചയാണ് ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയര്‍ത്തല്‍. ഈ മാസം 14 ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും. സെപ്റ്റംബര്‍ ആറിന്് അര്‍ധരാത്രിയിലോ ഏഴിന് പുലര്‍ച്ചെയോ പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

We use cookies to give you the best possible experience. Learn more