അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ നല്ല സംസ്‌കാരത്തിനുടമകളാണെന്ന് പറഞ്ഞ എം.എല്‍.എക്ക് വീണ്ടും സീറ്റ് കൊടുത്ത് ബി.ജെ.പി. ഗുജറാത്തിലെ ഗോധ്ര എം.എല്‍.എയായ ചന്ദ്രസിന്‍ഹ് റൗള്‍ജിക്ക് ഇക്കുറിയും അതേ മണ്ഡലമാണ് നല്‍കിയത്. ആറ് തവണ എം.എല്‍.എയായ ചന്ദ്രസിന്‍ഹ് റൗള്‍ജി മുന്‍ മന്ത്രി കൂടിയാണ്.
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനിച്ച ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു ചന്ദ്രസിന്‍ഹ് റൗള്‍ജി. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബി.ജെ.പി അംഗങ്ങളില്‍ ഒരാളാണ് റൗള്‍ജി.
പ്രതികളുടെ മോചനത്തിനെത്തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ അവസരത്തിലാണ് വെറുതെവിട്ട പ്രതികള്‍ ‘ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്നുമായിരുന്നു ചന്ദ്രസിന്‍ഹ് റൗള്‍ജിയുടെ പരാമര്‍ശം.
‘അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്,’ എന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ റൗള്‍ജി പറഞ്ഞത്.
പ്രതികള്‍ ജയിലിലായിരുന്ന കാലത്ത് സല്‍സ്വഭാവികളായിരുന്നെന്നും ബി.ജെ.പി എം.എല്‍.എ അഭിമുഖത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞിരുന്നു. എം.എല്‍.എയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചന്ദ്രസിന്‍ഹ് റൗള്‍ജി കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയത്. 2007ലും 2012ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം ബി.ജെ.പിയിലേക്ക് മാറിയ ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 258 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെവിട്ടുകൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഓഗസ്റ്റ് 15നാണ് പ്രതികളെ വെറുതെവിട്ടത്.
തുടര്‍ന്ന്, കേസിലെ കുറ്റവാളികളെ മോചിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നും, ശിക്ഷിക്കപ്പെട്ട എല്ലാവരെയും നല്ല പെരുമാറ്റത്തിന്റെ പേരിലാണ് വിട്ടയച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, പ്രതികളുടെ മോചനത്തിനെതിരേ നല്‍കിയ ഹരജി സുപ്രീം കോടതി നവംബര്‍ 29നു പരിഗണിക്കും. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ ജീവപര്യന്തം തടവുകാരെ മോചിപ്പിച്ചതിനെതിരെ സി.പി.ഐ.എം നേതാവ് സുഭാഷിണി അലി, പ്രഫ. രൂപ് രേഖ വര്‍മ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര, ഡോ. മീരാന്‍ ഛദ്ദ ബര്‍വാങ്കര്‍, ജഗദീപ് ചോക്കര്‍ എന്നിവരാണ് ഹരജി നല്‍കിയത്.
Content Highlight: Chandrasinh Raulji Who Called Bilkis Bano Convicts “Sanskari Brahmins” Is BJP MLA Candidate From Godhra