ന്യൂദല്‍ഹി: പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജന്ദര്‍മന്തിറില്‍ ഇന്നുമുതല്‍ അനിശ്ചിതകാലം നിരാഹാരം കിടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് നോര്‍ത്ത് ദല്‍ഹിയിലെ ജമാ മസ്ജിദ് പരിസരത്തുവെച്ച് ജന്ദര്‍മന്തിറിലേക്ക് മാര്‍ച്ച് നടത്തി ശേഷം നിരാഹാരം ആരംഭിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യാ ഗേറ്റിന് പരിസരത്തും ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയുടെ പരിസരത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള തീരുമാനം. ഇന്നലെ അടച്ചിട്ട എല്ലാ മെട്രോ ഗേറ്റുകളും ഇന്ന് തുറക്കുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭീം ആര്‍മിയോടൊപ്പം ജാമിഅയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ‘ഇത് മുസ്‌ലിം സമുദായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിമാത്രമോ സി.എ.എ, എന്‍.ആര്‍.സി നീക്കത്തെ ചെറുക്കുന്നതിന് വേണ്ടിമാത്രമോ നടത്തുന്ന മാര്‍ച്ചല്ല. മറിച്ച്, പൗരത്വ പട്ടികയില്‍ രേഖപ്പെടുത്താന്‍ പോലും ഭൂമിയില്ലാത്ത 54 ശതമാനം ദളിതരുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയുമാണ് മാര്‍ച്ച്’, വിദ്യാര്‍ത്ഥികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ