ന്യൂദല്‍ഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എം.പി. വിനേഷിന്റെ പരിശീലന ചെലവ് സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നടത്തിയ പരാമര്‍ശമാണ് ചന്ദ്രശേഖര്‍ ആസാദിനെ പ്രകോപിപ്പിച്ചത്.
‘വിനേഷിന്റെ പരിശീലനത്തിനായി രാജ്യം എല്ലാവിധ സഹായങ്ങളും നല്‍കി. ലോകത്തിലെ തന്നെ മികച്ച പരിശീലകനായ ഹംഗറിയുടെ വോളര്‍ അക്കോസ്, ഫിസിഷ്യന്‍ അശ്വനി പാട്ടീല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മികച്ച സപ്പോര്‍ട്ടിങ് സ്റ്റാഫ് സൗകര്യം അവര്‍ക്കായി ഒരുക്കി നല്‍കി. ഏകദേശം 70 ലക്ഷം രൂപയാണ് വിനേഷിന്റെ പരിശീലനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത്,’ എന്നാണ് കായിക മന്ത്രി പറഞ്ഞത്. കേന്ദ്ര മന്ത്രിയുടെ ഈ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആസാദ് വിമര്‍ശനം ഉയര്‍ത്തിയത്.
മന്ത്രിയുടെ വിശദീകരണം വിനേഷിനായി എന്തോ ആനുകൂല്യം ചെയ്‌തെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് ആസാദ് പറഞ്ഞു. ‘നിങ്ങളുടെ മന്ത്രി എന്താണ് പറഞ്ഞത്? ഞങ്ങള്‍ അവള്‍ക്ക് വേണ്ടി ഇത്രയും പൈസ ചെലവാക്കിയെന്നോ, എന്തോ ആനുകൂല്യം ചെയ്തത് പോലെയാണല്ലോ അദ്ദേഹം സംസാരിച്ചത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഇന്ന് രാവിലെ മുതല്‍ വിനേഷിന്റെ വിഷയം സഭയില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. വിനേഷിന്റെ അയോഗ്യതയെപ്പറ്റി ചില വിവരങ്ങള്‍ താന്‍ കായികമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആനുകൂല്യത്തിന്റെ പട്ടികയാണ് സഭയ്ക്ക് മുന്നില്‍ നിരത്തിയത്. ആസാദിന്റെ സംസാരത്തിനിടെ ഇടപെട്ട സ്പീക്കറോട് ‘സ്ത്രീ വിരോധികള്‍ ഇതിനിടയില്‍ സംസാരിക്കണ്ട’ എന്നും ആസാദ് പറയുകയുണ്ടായി.
‘വിനേഷ് കേവലം ഹരിയാനയുടെ മകള്‍ മാത്രമല്ല. അവള്‍ ഈ രാജ്യത്തിന്റെ മകളാണ്. അവള്‍ ഇന്ത്യയുടെ ‘ഗോള്‍ഡന്‍ ഗേള്‍’ ആണ്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തേക്ക് ഒരു സ്വര്‍ണ മെഡല്‍ കൊണ്ടുവരാന്‍ അവള്‍ക്ക് സാധിച്ചില്ല. എന്നാല്‍ നമുക്ക് ഇവിടെ ഈ പാര്‍ലമെന്റില്‍ വെച്ച് അവളെ അനുമോദിക്കണം,’ എന്നും ആസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലെ ഫൈനല്‍ മത്സരത്തില്‍ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയായത്. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമിത ഭാരത്തെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ട് അയോഗ്യക്കപ്പെട്ടത്. തുടര്‍ന്ന് ഗുസ്തിയില്‍ നിന്ന് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Chandrasekhar Azad slams Central Government over Vinesh Phogot