|

'എല്ലാ പരിപാടികളും ഒഴിവാക്കുന്നു, ഞാനെത്തും'; ചന്ദ്രശേഖര്‍ ആസാദ് ദല്‍ഹിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ താന്‍ ദല്‍ഹിയിലേക്ക് യാത്ര തിരിക്കുകയാണെന്ന് ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദല്‍ഹിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും കര്‍ണാടകയിലെ തന്റെ പരിപാടികള്‍ നിര്‍ത്തിവെച്ച് ഡല്‍ഹിയിലേക്ക് വരികയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

ദല്‍ഹിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെടണമെന്നും ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സംരക്ഷണം ഉറപ്പുവരുത്തണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

‘ദല്‍ഹിയിലെ അവസ്ഥ അതിരൂക്ഷമാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ ജനങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു. സുപ്രീംകോടതിയോട് വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്നും ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഞാനുള്ളത് കര്‍ണാടകയിലാണ്. എല്ലാ പരിപാടികളും റദ്ദാക്കി ഞാന്‍ ദല്‍ഹിയിലേക്ക് തിരിക്കുകയാണ്’, ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

വടക്കുകിഴക്കന്‍ ദല്‍ഹി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് പകര്‍ത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ ഒരു പൊലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്. 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories