രാംപൂർ: സർക്കാർ ഭൂമിയിൽ ബി.ആർ. അംബേദ്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ യു.പിയിൽ 17 വയസുള്ള ദളിത് ആൺകുട്ടി കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പിലാണ് സോമേഷ് കുമാർ എന്ന 17കാരൻ കൊല്ലപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുവാനായി രാംപൂരിലേക്ക് പുറപ്പെട്ട ദളിത നേതാവും ആസാദ് സമാജ് പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിനെ സംഭലിൽ വെച്ച് തടഞ്ഞു.
ഉത്തർപ്രദേശ് വളരെയധികം മാറിയെന്നും ഇപ്പോൾ ദളിതരെ കൊലപ്പെടുത്താൻ ക്രിമിനലുകളെ ആവശ്യമില്ലെന്നും യോഗിയുടെ പൊലീസ് തന്നെ ധാരാളമാണെന്നും ആസാദ് എക്‌സിൽ വിമർശിച്ചു.
‘ഞാൻ ഇന്ന് ഹത്രാസ് സംഭവം ഓർത്തുപോകുന്നു. ദളിതർക്കെതിരായ അടിച്ചമർത്തൽ ഉത്തർപ്രദേശിൽ അതിന്റെ പാരമ്യത്തിലാണ്. സോമേഷ് ഭായ് രാംപൂരിലെ പൊലീസിന്റെ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ സംഭലിൽ വെച്ച് പൊലീസ് എന്നെ തടയുകയാണ് ചെയ്തത്.
എനിക്ക് ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോലും സാധിക്കില്ലേ? സത്യമായും ഉത്തർപ്രദേശ് മാറിപ്പോയി. ഇപ്പോൾ ദളിതരെ കൊലപ്പെടുത്താൻ ക്രിമിനലുകളുടെ ആവശ്യമില്ല. യോഗിജിയുടെ പൊലീസുകാർ തന്നെ ധാരാളമാണ്.
എന്നെ തടയാൻ എത്ര പൊലീസിനെ വേണമെങ്കിലും അയച്ചോളൂ. ഞാൻ പോകുക തന്നെ ചെയ്യും. സർക്കാർ ഇത് ശ്രദ്ധിച്ചുകേൾക്കണം. എപ്പോഴാണ് ദളിതരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി പറയേണ്ടതുണ്ട്,’ ആസാദ് എക്‌സിൽ കുറിച്ചു.
പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സോമേഷ് കുമാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തർക്കഭൂമിയിൽ ഒരു വിഭാഗം അംബേദ്കറിന്റെ ഫോട്ടോ സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ ഓജനേയ കുമാർ സിങ് പറഞ്ഞു.
അവിടെ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണമെന്നും സ്ഥലം അദ്ദേഹത്തിന്റെ പേരിലുള്ള പാർക്കാക്കി മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.
അതേസമയം എതിർവിഭാഗം ഇതിനെ എതിർക്കുകയും ഭൂമി ഗ്രാമ സമാജത്തിന്റേതാണെന്ന് തർക്കിക്കുകയും ചെയ്തു. തുടർന്നാണ് സംഘർഷം ഉണ്ടായത്.
Content Highlight: Chandrashekhar Azad stopped from visiting family of dalit teen killed in police firing in UP