തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തുമ്പോള്‍; ദളിത്, ഒ.ബി.സി, മുസ്‌ലിം വോട്ടുലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇങ്ങനെ
national news
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തുമ്പോള്‍; ദളിത്, ഒ.ബി.സി, മുസ്‌ലിം വോട്ടുലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th March 2020, 9:11 pm

ലക്‌നൗ: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കിക്കഴിഞ്ഞു. ദളിത്, ഒ.ബി.സി, മുസ്‌ലിം വോട്ടുകള്‍ നേടാന്‍ ചന്ദ്രശേഖര്‍ ആസാദ് എന്തൊക്കെ മാര്‍ഗങ്ങളാവു സ്വീകരിക്കുക എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.

ദളിത് നേതാവ് കാന്‍ഷി റാമിന്റെ ജന്മ ദിവസമായ മാര്‍ച്ച് 15ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തര്‍ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ട് തന്റെ പാര്‍ട്ടി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്ന് ചന്ദ്രശഖര്‍ ആസാദ് ദ പ്രിന്റിനോട് പറഞ്ഞു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ തന്റെ പാര്‍ട്ടിയെ സജ്ജമാക്കാനാണ് ചന്ദ്രശേഖറിന്റെ ശ്രമം.

ബഹുജന്മാരുടെ ശക്തമായ ശബ്ദമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സമുദായ അവകാശങ്ങള്‍ക്കായി ഭീം ആര്‍മി തെരുവുകളില്‍ നിരന്തരം പോരാടുകയാണ്. ഈ ശബ്ദങ്ങളെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് എത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ നമ്മുടെ അവകാശങ്ങളെ അടിച്ചമര്‍ത്തി വെച്ചിരിക്കുകയാണ്. അതിനെ അട്ടിമറിക്കാനുള്ള സമയമായി. അധികാരസ്ഥാനങ്ങള്‍ കയ്യാളേണ്ടത് നമ്മുടെ ആളുകള്‍ തന്നെയാണ്’, ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കളത്തിലെ വിജയത്തിനായി ഒ.ബി.സി വോട്ടുകളെയാണ് ചന്ദ്രശേഖര്‍ ആസാദ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിനായി ഒ.ബി.സി നേതാവും എസ്.ബി.എസ്.പി നേതാവുമായ ഓം പ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോടു ചേര്‍ന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് രാജ്ബറുമായുള്ള ചര്‍ച്ച ഇതിന്റെ ആദ്യ പടിയാണെന്നാണ് വിലയിരുത്തല്‍.

മായാവതിയുടെ ബി.എസ്.പിയില്‍നിന്നും നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഭീം ആര്‍മിയില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രശഖര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയാലുടന്‍ ബി.എസ്.പി നേതാക്കളില്‍ പലരും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍, മായാവതിക്കെതിരെ അണിനിരക്കാനാവുമോ എന്നതാണ് ചന്ദ്രശേഖര്‍ ആസാദ് നേരിടുന്ന വലിയ വെല്ലുവിളിയും.

ചെറുപ്പക്കാരായ രാഷ്ട്രീയക്കാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്താനും ചന്ദ്രശേഖര്‍ ശ്രമിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ