രക്തം മാറ്റിവെക്കല്‍ നടന്നില്ലെങ്കില്‍ ഹൃദയാഘാതം വരെ സംഭവിച്ചേക്കാം; ചന്ദ്രശേഖര്‍ ആസാദിന് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടര്‍; നിരസിച്ച് പൊലീസ്
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് നേരിടുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ കുറിച്ചത്.
ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിന് അനുമതി നല്‍കണമെന്നും ഡോക്ടര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്‌ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.
ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് അദ്ദേഹത്തിന്. കഴിഞ്ഞ ഒരുവര്‍ഷമായി ദല്‍ഹി എയിംസില്‍ ചികിത്സ തുടരുകയാണ്. ഇതു കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. പലതവണ ദല്‍ഹി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു.
വൈദ്യസഹായം ലഭ്യമാക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായും ദല്‍ഹി പൊലീസും എത്രയും പെട്ടെന്ന് ചന്ദ്രശേഖര്‍ ആസാദിന് ചികിത്സാ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
This is inhuman and clear violation of human rights. Everyone have right to access medical care. I request @DelhiPolice & @AmitShah to bring him to AIIMS, get him admitted and let him get his treatment otherwise you will be responsible for any untoward incident. (3/n)
ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.ദല്‍ഹി ദാര്യഗഞ്ച് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേരെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടിരുന്നു.
ആരുടെ പേരുകള്‍ ഉള്‍പ്പെടുത്താത്ത എഫ്.ഐ.ആറില്‍, ദല്‍ഹി ഗേറ്റിലെ ജനക്കൂട്ടത്തെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞതായും ആളുകളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നുണ്ട്.
ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധം പൊലീസ് അനുമതി ഇല്ലാതെയാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.