ന്യൂദല്‍ഹി: ലഖിംപൂരിലെ കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി ഘരാവോ ചെയ്യുമെന്ന് ആസാദ് സമാജ് വാദി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഏഴ് ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലഖിംപൂര്‍ ഖേരി സംഭവത്തെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുമായി അദ്ദേഹം താരതമ്യം ചെയ്തു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ക്രമസമാധാനമില്ലെന്ന് ആരോപിച്ച ആസാദ് മുഖ്യമന്ത്രി രാജി സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചിരുന്നു. കേസിലെ പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം വാക്കുകളില്‍ മാത്രമൊതുങ്ങിയെന്നും നടപടിയുണ്ടായില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ സമീപനം പ്രതീക്ഷിച്ചുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
യു.പി സര്‍ക്കാരിന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. ഹരജി പൂജ അവധിയ്ക്ക് ശേഷം പരിഗണിക്കും.
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.