തെലങ്കാനയില്‍ ചന്ദ്രശേഖര റാവു തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്
national news
തെലങ്കാനയില്‍ ചന്ദ്രശേഖര റാവു തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 3:52 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു വീണ്ടും അധികാരത്തിലേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 1.34ന് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.

ജ്യോതിഷികളെ കണ്ട ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം ഉച്ചയ്ക്ക് 1.34 എന്ന് നിശ്ചയിച്ചത്. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.


ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു കാലാവധി പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസം ബാക്കിനില്‍ക്കെ ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൂടാതെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ തെലങ്കാന ഭവനില്‍ യോഗം ചേര്‍ന്ന് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. 119 അംഗ സഭയില്‍ 88 സീറ്റിലാണ് ചന്ദ്രശേഖര റാവു വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്.

അതേസമയം, മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടെ നിഷേധ രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണിതെന്നും സോണിയ വ്യക്തമാക്കി.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എം.എല്‍.എമാര്‍ ഒപ്പിട്ട കത്തും ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


രണ്ടു സീറ്റു നേടിയ ബി.എസ്.പിയും ഒരു സീറ്റ് ലഭിച്ച എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നു ബി.ജെ.പിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. നിയമസഭാകക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.