| Sunday, 4th October 2020, 3:09 pm

ചന്ദ്രശേഖര്‍ ആസാദിനെ 20 കിലോമീറ്റര്‍ അകലെ വെച്ച് തടഞ്ഞ് പൊലീസ്; ഹാത്രാസിലേക്ക് കാല്‍നടയായി നീങ്ങി സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് തടഞ്ഞു. 11 മണിയോടെ ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു.

ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയാണ് ചന്ദ്രശേഖര്‍ ആസാദും സംഘവും.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നേരത്തെ ആസാദ് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.

ഹാത്രാസ് ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി സര്‍ക്കാരും മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്ര ശേഖര്‍ ആസാദ് നേരത്തെ ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സി.പി.ഐ.എം നേതാക്കള്‍ ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ എ.ആര്‍ സിന്ധു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. വെങ്കട്, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ട്രഷറര്‍ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആശാ ശര്‍മ എന്നിവരാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹാത്രാസ് പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി നിലകൊള്ളുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും ഹാത്രാസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chandrasekhar Azad Stopped by cop 20 kilometers away from Hathras

We use cookies to give you the best possible experience. Learn more