| Friday, 29th January 2021, 11:30 pm

കര്‍ഷകരുടെ 'മഹാ പഞ്ചായത്തിന്' പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദ് രാവണും; അപ്രതീക്ഷിത തിരിച്ചടിയില്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: കര്‍ഷകരുടെ ‘മഹാപഞ്ചായത്തിന്’ പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ആയിരക്കണക്കിന് കര്‍ഷകരാണ് യു.പിയിലെ മുസാഫിര്‍ നഗറില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് തികേത് ആയിരുന്നു മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തത്. ഖാസിപ്പൂരില്‍ സമരം നയിക്കുന്ന കര്‍ഷക നേതാവ് രാകേഷ് തികേതിന്റെ സഹോദരനാണ് ഇദ്ദേഹം.

ഇവിടെ നേരിട്ട് എത്തിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പിന്തുണ അറിയിച്ചത്. കര്‍ഷക പ്രതിഷേധത്തിന് ശക്തിപകരാന്‍ ദളിത് ഗ്രൂപ്പുകളുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായി ആസാദ് പറഞ്ഞു.

കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാനും അക്രമം ഉണ്ടാക്കാനും സര്‍ക്കാര്‍ എല്ലാ തന്ത്രങ്ങളും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഖാസിപ്പുരില്‍ വെറും അഞ്ഞൂറിന് അടുത്തായിരുന്നു പ്രതിഷേധത്തിന് ആളുകളായി ഉണ്ടായിരുന്നതെങ്കില്‍ വെള്ളിയാഴ്ച അത് ആയിരങ്ങളായി മാറിയിട്ടുണ്ട്.

മഹാപഞ്ചായത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്ച ഖാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികളും സമരത്തിന് പിന്തുണയുമായി എത്തും.

ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.

പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം ദല്‍ഹിയില്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സമരം അവസാനപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമണങ്ങള്‍ അഴിച്ച് വിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം.

സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chandrasekhar Azad Ravan with support for farmers’ ‘great panchayat’; The BJP suffered an unexpected setback

We use cookies to give you the best possible experience. Learn more